കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലനെയും താഹയെയും കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും മാറ്റില്ല. ജില്ലാ ജയിലിൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇരുവരെയും മാറ്റണമെന്ന് ജയിൽസൂപ്രണ്ടിന്‍റെ റിപ്പോർട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളി.

നിലവിൽ സുരക്ഷാപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ഋഷിരാജ് സിംഗിന്‍റെ വിലയിരുത്തൽ. താഹയ്ക്കും അലനുമൊപ്പമുണ്ടായിരുന്ന മൂന്നാമനുവേണ്ടിയുളള തിരച്ചിൽ അന്വേഷണസംഘം തുടരുകയാണ്. ഇയാളെക്കുറിച്ച് ചില നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. കൂടുതൽ തെളിവ് ലഭിച്ച ശേഷം അടുത്തയാഴ്ച  അന്വഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോഴിക്കോട് ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതിയിൽ നൽകും. 

ഇരുവരും അംഗങ്ങളായ ബ്രാഞ്ച് കമ്മിറ്റിയുൾപ്പെടുന്ന സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത ഏരിയ കമ്മിറ്റി യോഗം ഇപ്പോഴും തുടരുകയാണ്.