കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി അലന്‍ ഷുഹൈബിനെയും  താഹാ ഫസലിനെയും അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതി രാവിലെ 11 മണിക്കാണ് അപേക്ഷ പരിഗണിക്കുക. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ, പെൻഡ്രൈവ്, മെമ്മറി കാർഡ് എന്നിവയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്ന് പൊലീസ് അവകാശപ്പെടുന്നു. ഈ വിവരങ്ങൾ കൂടി ഉൾപെടുത്തിയാവും ചോദ്യം ചെയ്യൽ.  

പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട മൂന്നാമനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. അലനും ഷുഹൈബും നഗരം കേന്ദ്രീകരിച്ച് ആശയപ്രചാരണം നടത്തുന്ന മാവോയിസ്റ്റുകളാണന്നാണ് പൊലീസ് ഭാഷ്യം. അതേ സമയം പ്രതികളുടെ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.