Asianet News MalayalamAsianet News Malayalam

സമാന്തര ആ‍ർടി ഓഫിസ്: 3 ഉദ്യോ​ഗസ്ഥർക്കെതിരെ വിജിലൻസ് കേസ്

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ചേവായൂരിലെ ആര്‍ടി ഓഫീസിനു മുമ്പിലെ സ്വകാര്യ ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു

Parallel RT Office: Vigilance Registers Case Against 3 Officials
Author
First Published Sep 18, 2022, 6:04 AM IST

കോഴിക്കോട് : കോഴിക്കോട് ചേവായൂരിലെ ആര്‍ ടി ഓഫീസിനു മുമ്പിലെ സ്വകാര്യ ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ നിന്നും സര്‍ക്കാര്‍ രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കും. സസ്പെന്‍ഷനിലായ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുക്കുക. ഈ സ്ഥാപനം വഴി ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കൈക്കൂലി കൈപ്പറ്റിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ചേവായൂരിലെ ആര്‍ടി ഓഫീസിനു മുമ്പിലെ സ്വകാര്യ ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ആര്‍സി ഉടമസ്ഥത മാറ്റുന്നതിനും വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതിനുമുള്ള ഫയലുകളുള്‍പ്പടെ ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിലെ പല രേഖകളിലും ഒപ്പു വെച്ചിരിക്കുന്നത് അസി.മോട്ടോര്‍ ഇന്‍സ്പെക്ടര്‍മാരായ ഷൈജന്‍ ,ശങ്കര്‍,സജിത്ത് എന്നിവരാണെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുളള അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂവരെയും സസ്പെന്‍റ് ചെയ്തത്. 

ഇവരുടെ പങ്ക് സംബന്ധിച്ച വിശദമായ റിപ്പോ‍ർട്ട് വിജിലന്‍സ് സംഘം ഡയറക്ടര്‍ക്ക് നല്‍കും. ഇതിനു ശേഷമാകും കേസെടുക്കുക. വാഹന സംബന്ധമായ പല ആവശ്യങ്ങളും വളരെ പെട്ടെന്ന് നടത്തിക്കൊടുക്കുമെന്നതിനാലാണ് വാഹന ഉടമകള്‍ ഈ സ്വകാര്യ സ്ഥാപനത്തെ ആശ്രയിച്ചിരുന്നത്. വന്‍ തുക ഇടപാടുകാരില്‍ നിന്നും സേവനനങ്ങള്‍ക്കായി കൈപ്പറ്റിയിരുന്നു. യാതൊരു അനുമതിയുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ സ്ഥാപനം വഴി ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം കിട്ടി. 114 വാഹനങ്ങളുടെ ആര്‍സിയും 19 ലൈസന്‍സുകളും 12 ബസ് പെര്‍മിറ്റുകളും ഈ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒന്നര ലക്ഷം രൂപയും വിജിലന്‍സ് സംഘം കണ്ടെത്തി

ആര്‍ടിഒ രേഖകള്‍ പെട്ടിക്കടയില്‍, ഒന്നരലക്ഷത്തില്‍ അധികം പണവും, വിജിലന്‍സ് പരിശോധന

Follow Us:
Download App:
  • android
  • ios