Asianet News MalayalamAsianet News Malayalam

കൊട്ടാരക്കരയില്‍ പ്ലസ് ടു ഉത്തരക്കടലാസ് കാണാതായ സംഭവം; ആശങ്കയോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും

മുട്ടറ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു കണക്ക് പരീക്ഷയുടെ 61 ഉത്തരക്കടലാസുകളാണ് കാണാതായത്. മേയ് 30ന് നടന്ന പരീക്ഷക്ക് ശേഷം ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയത്തിനായി പാലക്കാട്ടേക്ക് അയക്കുന്നതിന് പകരം കൊച്ചിയിലേക്ക് അയച്ചു. 

parents and students are worried over plus two answer sheet went missing in Kottarakkara
Author
Muttara, First Published Jul 3, 2020, 9:57 AM IST

മുട്ടറ: കൊട്ടാരക്കര മുട്ടറ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് രക്ഷിതാക്കള്‍. ഫലം പ്രഖ്യാപിക്കാനിരിക്കെ കുട്ടികളുടെ തുടര്‍ പഠനം മുടങ്ങുമോ എന്നാണാശങ്ക. അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. മുട്ടറ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു കണക്ക് പരീക്ഷയുടെ 61 ഉത്തരക്കടലാസുകളാണ് കാണാതായത്.

മേയ് 30ന് നടന്ന പരീക്ഷക്ക് ശേഷം ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയത്തിനായി പാലക്കാട്ടേക്ക് അയക്കുന്നതിന് പകരം കൊച്ചിയിലേക്ക് അയച്ചു. അബദ്ധം ബോധ്യപ്പെട്ടതോടെ കൊച്ചിയില്‍ ബന്ധപ്പെട്ടു. അവിടെ നിന്ന് അവര്‍ കഴിഞ്ഞമാസം 8ന് അത് പാലക്കാടേക്ക് പോസ്റ്റല്‍ വഴി അയച്ചു. എന്നാലിത് പാലക്കാട് എത്തിയില്ല. പോസ്റ്റല്‍ വകുപ്പുമായി ബന്ധപ്പെട്ട് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കേരളത്തിലെ അന്വേഷണത്തിനു പുറമേ പോസ്റ്റല്‍ വകുപ്പ് കര്‍ണാടക , തമിഴ്നാട് ഭാഗങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

ഇതോടെ രക്ഷിതാക്കള്‍ പരാതിയുമായി വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഫലം വരാറായിട്ടും ഉത്തരക്കടലാസുകള്‍ എങ്ങോട്ട് പോയെന്ന് കണ്ടെത്താനായിട്ടില്ല. ഈ മാസം തന്നെ പ്ലസ് ടു ഫലം പ്രഖ്യാപിക്കാനിരിക്കെ ഈ 61 കുട്ടികളുടെ തുടര്‍ പഠനം ഉൾപ്പെടെ വഴിമുട്ടുമെന്നാണാശങ്ക. നിലവില്‍ വകുപ്പ് തല അന്വേഷണം മാത്രമാണ് നടക്കുന്നത്. ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം. 

Follow Us:
Download App:
  • android
  • ios