Asianet News MalayalamAsianet News Malayalam

'മൃഗങ്ങള്‍ക്കെതിരായ അതിക്രമം നിര്‍ത്തണം, ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് വിദ്വേഷമുണ്ടാക്കുന്നവരോട് ലജ്ജ തോന്നുന്നു'

സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ജില്ലയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച മനേക ഗാന്ധിക്കെതിരെ നടി പാര്‍വ്വതി തിരുവോത്ത്.

parvathy thiruvoth on hate mongering on kerala elephants death by maneka gandhi
Author
Kerala, First Published Jun 4, 2020, 12:46 PM IST

സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ജില്ലയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച മനേക ഗാന്ധിക്കെതിരെ നടി പാര്‍വ്വതി തിരുവോത്ത്. നടന്നത് കൊലപാതകമാണെന്നും ഇത്തരം സംഭവങ്ങൾക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറമെന്നും രാജ്യത്തെ ഏറ്റവുമധികം സംഘർഷങ്ങൾ നടക്കുന്ന ജില്ലയാണ് അതെന്നും ബിജെപി എംപിയും മൃ​ഗസംരക്ഷണ പ്രവർത്തകയുമായ മനേകാ​ഗാന്ധി പറഞ്ഞിരുന്നു.

ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പാര്‍വ്വതി രംഗത്തെത്തിയത്. മൃഗങ്ങൾക്കെതിരേയുള്ള ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. അത് ക്രിമിനൽ കുറ്റം തന്നെയാണ്. സംഭവത്തില്‍ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു. ഈ പ്രശ്നം മുസ്ലിം സമുദായത്തെ ലക്ഷ്യമിടാനുള്ള അവസരമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യഥാര്‍ത്ഥ പ്രശ്നത്തിലേക്ക് വരൂവെന്നും പാര്‍വതി ട്വീറ്റ് ചെയ്തു.

ഒറ്റത്തവണ വിഷം കൊടുത്ത് നാനൂറോളം പക്ഷികളെയും നായ്ക്കളെയും കൂട്ടക്കൊല ചെയ്തവരാണ് മലപ്പുറത്തുള്ളവരെന്നും മനേക പറഞ്ഞിരുന്നു. നടപടിയെടുക്കാന്‍ കേരള സർക്കാർ തയ്യാറാകാത്തത് ഭയം കൊണ്ടാകും. മൂന്നു ദിവസത്തിലൊരിക്കൽ എന്ന കണക്കിന് കേരളത്തിൽ ആനകൾ കൊല്ലപ്പെടുന്നുണ്ട്. ഇന്ത്യയിലാകെ 20,000ൽ താഴെ ആനകൾ മാത്രമേ ഉള്ളൂവെന്നും മനേക പറഞ്ഞിരുന്നു. സംഭവത്തില്‍ നംവകുപ്പ് സെക്രട്ടറിയെ മാറ്റണമെന്നും ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണമെന്നും പറഞ്ഞ് മനേക, രാഹുൽ ​ഗാന്ധി ആ പ്രദേശത്തുനിന്നൊക്കെയുളള എംപിയല്ലേ എന്നും എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതെന്നും ചോദിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios