തിരുവനന്തപുരം‌: സ്വകാര്യ ബസ്സുകളിലെ ബെംഗളൂരു യാത്ര യാത്രക്കാരെ വലയ്ക്കുമ്പോള്‍ ഈ റൂട്ടില്‍ കൂടുതല്‍ തീവണ്ടി സര്‍വ്വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു. കെഎസ്ആര്‍ടിസിയും കൂടുതല്‍ സര്‍വ്വീസ് തുടങ്ങിയില്ലെങ്കില്‍ ദിവസവും ഇരുപതിനായിരത്തോളം യാത്രക്കാർ ദുരിതത്തിലാവും. സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമത്തിന് യാത്രക്കാര്‍ ഇരയായതിന്‍റെ പശ്ചാത്തലത്തിലാണ് ബം​ഗളൂരു റൂട്ടിലേക്ക് കൂടുതൽ തീവണ്ടി സര്‍വ്വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്.

സംസ്ഥാനത്താകമാനം ബംഗളൂരുവിലേക്ക് ദിവസവും ഇരുപത്തിനാലായിരത്തോളം പേരാണ് യാത്ര ചെയ്യുന്നത്. ദിവസേന ഓടുന്ന അഞ്ച് തീവണ്ടികള്‍ മാത്രമാണ് ഇവര്‍ക്ക് പ്രധാന ആശ്രയം. ആഴ്ചയില്‍ തിരുവനന്തപുരത്ത് നിന്ന് 44 സര്‍വ്വീസുകളും മലബാറില്‍ നിന്ന് എട്ട് സര്‍വ്വീസുകളുമാണ് റെയില്‍വേ നടത്തുന്നത്. ഇത് തീര്‍ത്തും പരിമിതമാണ്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് സീറ്റില്ലാത്തിനാല്‍ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുക മാത്രമാണ് പോംവഴി. ഈ സാഹചര്യമാണ് സ്വകാര്യ ബസ്സുകാര്‍ ചൂഷണം ചെയ്യുന്നത്. ഏപ്രിലില്‍ കല്ലട ബസ്സുകാരില്‍ നിന്ന് യാത്രക്കാര്‍ക്ക് അതിക്രമം നേരിട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ തീവണ്ടി സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തിന് കത്തയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സർക്കാരിന്‍റെ ഭാ​ഗത്തുനിന്ന് ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

നിലവില്‍ സര്‍വ്വീസ് നടത്തുന്ന തീവണ്ടികളില്‍ കൂടുതല്‍ ബോഗികള്‍ അനുവദിച്ചാല്‍ കുറച്ചെങ്കിലും ആശ്വാസമാവും. ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂര്‍, മം​ഗലാപുരം എന്നിവടങ്ങളില്‍ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടികള്‍ കേരളത്തിലേക്ക് നീട്ടിയാലും പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കാണാനാവും. റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നത് പാലക്കാട്, തിരുവന്തപുരം ഡിവിഷനുകളാണ്. എന്നിട്ടും കൂടുതല്‍ യാത്ര സൗകര്യം നല്‍കുന്ന കാര്യത്തില്‍ കേരളത്തോട് റെയില്‍വേ അവഗണന തുടരുകയാണ്.