പത്തനംതിട്ട: ആരോപണവിധേയരായ രണ്ട് ഉദ്യോ​ഗസ്ഥരെ മാത്രം സസ്പെന്റ് ചെയ്ത നടപടിയിൽ‌ തൃപ്തരല്ലെന്ന് പത്തനംതിട്ട ചിറ്റാറിൽ മരിച്ച മത്തായിയുടെ കുടുംബം. ആരോപണ വിധേയരായ  ഏല്ലാ  ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്യണം. മുഴുവൻ ആളുകൾക്കെതിരെയും നടപടി എടുത്ത ശേഷമേ മത്തായിയുടെ മൃതദേഹം സംസ്കരിക്കുകയുള്ളെന്നും കുടുംബം വ്യക്തമാക്കി. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് മത്തായിയുടെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ കണ്ടു. മത്തായിയുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ സർക്കാർ ഏറ്റെടുക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ ക്രിമിനൽ നടപടി എടുക്കണം. വനം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെയാണ് മത്തായി മരിച്ചത്.  മരണത്തിൽ ആരോപണ വിധേയരായ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർത്തേക്കും എന്നാണ് സൂചന. മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ നൽകിയ മൊഴികളിൽ ആകെ വൈരുദ്ധ്യമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വനപാലകർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിപ്പട്ടികയിൽ ചേർക്കുമെന്നുള്ള സൂചനകള്‍ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, വനം വകുപ്പ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജി‍ഡി അടക്കമുള്ള രേഖകളിൽ തിരിമറി നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തൊട്ടടുത്ത ഗുരുനാഥൻമൺ ഫോറസ്റ്റ് രണ്ട് ഉദ്യോഗസ്ഥാരാണ് രേഖകൾ തിരുത്താൻ ഉദ്യോഗസ്ഥരെ സഹായിച്ചത്. സംഭവ ദിവസം രാത്രിയിൽ ഇരുചക്ര വാഹനത്തിൽ ചിറ്റാറിൽ എത്തിയ ഇവർ വടശ്ശേരിക്കരയിലെ വനം വകുപ്പ് ഗസ്റ്റ് ഹൗസിലെത്തിച്ചാണ് രേഖകൾ തിരുത്തിയത്. ശേഷം പുലർച്ചെ മൂന്ന് മണിക്ക് ‍ജിഡി തിരികെ ചിറ്റാ‌ർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു.

നടപടികൾക്ക് നിർദേശം നൽകിയത് റെയ്ഞ്ച് ഓഫീസറും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുമാണ്. ഡിഎഫ്ഒയുടെ പ്രത്യേക അനുമതി ഇല്ലാതെ ജിഡി സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന നിയമമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. മത്തായി മരിച്ച ദിവസം രാത്രി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയതും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നാണ് വിവരം. 

Read Also: മത്തായിയുടെ മരണം: ആരോപണ വിധേയരായ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി...