Asianet News MalayalamAsianet News Malayalam

ഇനി 'ലോക്കല്ല ആ ജീവിതം', വാർത്ത ഫലം കണ്ടു, സുമയ്ക്കും മക്കൾക്കും വീടിന് തറക്കല്ലിട്ടു

ഞങ്ങളുടെ ക്യാമറമാൻ പ്രസാദ് വെട്ടിപ്പുറത്തിന്‍റെ ക്യാമറയിലൂടെ ആ ജീവിതത്തിന്‍റെ നേർക്കാഴ്ചകൾ കണ്ട ഒരുപാട് സുമനസുകളാണ് സഹായ വാഗ്ദാനം അറിയിച്ച് ഞങ്ങളെ വിളിച്ചത്. എല്ലാവർക്കും നന്ദി, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്. 
 

pathanamthitta native suma will get a home through mla ku janeesh kumars intervention
Author
Pathanamthitta, First Published Jun 16, 2021, 2:41 PM IST

പത്തനംതിട്ട: ഏഷ്യാനെറ്റ് ന്യൂസ് ലോക്കായ ജീവിതം വാർത്താ പരമ്പര ഫലം കണ്ടു.  വീട്ടു ജോലിക്കാരിയായ പത്തനംതിട്ട വള്ളിക്കോട് സ്വദേശി സുമയ്ക്കും മക്കൾക്കും വീട് യാഥാർത്ഥ്യമാവുന്നു. ഉച്ച തിരിഞ്ഞ് വള്ളിക്കോട്ടെത്തിയ എംഎൽഎ കെ യു ജനീഷ് കുമാർ സുമയ്ക്ക് വച്ച് നൽകുന്ന വീടിന്‍റെ തറക്കല്ലിട്ടു. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.

ലോക്ക്ഡൗണിൽ വഴിമുട്ടിയ ജീവിതങ്ങളുടെ വാർത്താ പരമ്പര തുടങ്ങി രണ്ടാം ദിവസമാണ് സുമയുടെയും കുടുംബത്തിന്‍റെയും ദയനീയ ജീവിതത്തിന്‍റെ കഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഞങ്ങളുടെ ക്യാമറാമാൻ പ്രസാദ് വെട്ടിപ്പുറത്തിന്‍റെ ക്യാമറയിലൂടെ ആ ജീവിതത്തിന്‍റെ നേർക്കാഴ്ചകൾ കണ്ട ഒരുപാട് സുമനസ്സുകളാണ് സഹായ വാഗ്ദാനം അറിയിച്ച് ഞങ്ങളെ വിളിച്ചത്. 

സുമയെക്കുറിച്ച് ഞങ്ങളന്ന് ചെയ്ത വാർത്ത:

അടച്ചുറപ്പില്ലാത്ത, ഏത് നിമിഷവും തകർന്ന് വീഴാറായ ഒറ്റ മുറി ഷെഡിൽ കഴിയുന്ന നാല് ജീവനുകൾക്ക് സുരക്ഷിതമായ വീട് നിർമ്മിച്ചു നൽകാമെന്ന് അറിയിച്ചത് കോന്നി എംഎൽഎ കെയു ജനീഷ് കുമാർ തന്നെയാണ്. എംഎൽയുടെ 'കരുതൽ ഭവനം' പദ്ധതി പ്രകാരം വാഴമുട്ടം നാഷണൽ യുപി സ്കൂൾ മാനേജ്മെന്‍റാണ് വീട് നിർമ്മിക്കുന്നത്. അതിവേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം. 

സുമയ്ക്ക് തൊഴിലില്ലാത്തതിനാൽ പഠനം മുടങ്ങിയ മകൾ ശ്രുതിയുടെ നിസ്സഹായാവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെ അറിഞ്ഞ അഴൂർ സ്വദേശി വിഷ്ണു നാരായണൻ ഇന്നലെ തന്നെ വീട്ടിലെത്തി മൊബൈൽ ഫോൺ നൽകിയിരുന്നു. അടച്ചുറപ്പുള്ള വീട് സ്വപ്നം മാത്രമാണെന്ന് ഞങ്ങളോട് പറഞ്ഞ സുമ കേവലം 32 മണിക്കൂറുകൾക്കിപ്പുറം അത് യാഥാർത്ഥ്യമായതിന്‍റെ സന്തോഷത്തിലാണ്. അതിലേറെ സന്തോഷത്തോടെ ഏഷ്യാനെറ്റ് ന്യൂസും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios