Asianet News MalayalamAsianet News Malayalam

ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണം; ആശുപത്രികളില്‍ നീണ്ട നിര, വലഞ്ഞ് രോഗികള്‍

ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള ഒപിക്കായി വന്നവരാണ് ക്യൂ നില്‍ക്കുന്നവരില്‍ പലരും. ഇന്ന് ഡോക്ടറെ കാണാനായില്ലെങ്കില്‍ ഇവര്‍ പരിശോധനക്കായി അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. 

patience trouble in doctors strike
Author
Thiruvananthapuram, First Published Jun 17, 2019, 10:10 AM IST

തിരുവനന്തപുരം: ''രണ്ട് ദിവസമായി വലിവാണ്. ഇനിയും വലിക്കാന്‍ വയ്യ സാറേ... എന്തെങ്കിലും ഒന്ന് ചെയ്യണേ...'' തൃശൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അതിരാവിലെ എത്തിയ ആസ്തമാ രോഗിയുടെ വാക്കുകളാണ്. ഇവര്‍ ഇപ്പോഴും ക്യൂവിലാണ്. പരിശോധിക്കാന്‍ ഇതുവരെയും ഡോക്ടര്‍ എത്തിയിട്ടില്ല. ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലെയും അവസ്ഥ ഇതുതന്നെയാണ്. 

Watch Video: ഡോക്ടര്‍മാരുടെ സമരത്തില്‍ വലഞ്ഞ് രോഗികള്‍

ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും തുടരുന്ന ഒപി ബഹിഷ്കരണത്തില്‍ വലഞ്ഞിരിക്കുകയാണ് രോഗികള്‍.  രാലിലെ അഞ്ച് മണി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നില്‍ക്കുന്നത് നൂറ് കണക്കിന് പേരാണ്. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആശുപത്രികളിലും ഒന്നോ രണ്ടോ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. അതേസമയം സ്വകാര്യ ആശുപത്രികളില്‍ നാളെ രാവിലെ ആറ് മണിവരെ ഒപി പ്രവര്‍ത്തിക്കില്ല. 

ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള ഒപിക്കായി വന്നവരാണ് ക്യൂ നില്‍ക്കുന്നവരില്‍ പലരും. ഇന്ന് ഡോക്ടറെ കാണാനായില്ലെങ്കില്‍ ഇവര്‍ പരിശോധനക്കായി അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. തിരുവനന്തപുരത്ത് 10 മണിക്ക് ശേഷം ഒപി തുറക്കുമെന്നാണ് അറിയുന്നത്. തൃശൂരില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്കണം 10 മുതല്‍ 12 വരെയാണ്. കൊച്ചിയില്‍ ഇത് 9 മണി വരെയായിരുന്നു.

ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐ എം എ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്‍റെ ഭാഗമായാണ് കേരളത്തിലെ ഡോക്ടര്‍മാരും സമരം നടത്തുന്നത്. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെയും മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെയുമാണ് ഡോക്ടർമാർ പണിമുടക്കുന്നത്. അതേസമയം ആർസിസി യിൽ സമരം ഉണ്ടാകില്ല. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.
 
കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടക്കം മുതലേ സമരക്കാര്‍ക്ക് അനുകൂല നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

Follow Us:
Download App:
  • android
  • ios