3 മണിക്കുറോളം 3 ആശുപത്രികളിലായി രോഗിയെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നടക്കുകയായിരുന്നു ബന്ധുക്കൾ. മരണം സംഭവിച്ച ശേഷവും മാധ്യമങ്ങൾ എത്തിയപ്പോഴാണ് ഡോക്ടർമാർ ആബുലൻസിലേക്ക് തിരിഞ്ഞ് നോക്കിയതെന്നുമാണ് ആരോപണം

കോട്ടയം: കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കൽ കോളേജിന്‍റെ വാദങ്ങളെ തളളി മരിച്ചയാളുടെ മകൾ റെനി. അത്യാഹിത വിഭാഗത്തിലെ ഡോക്ടറോട് കാല് പിടിച്ച് സഹായം ആവശ്യപ്പെട്ടിരുന്നെന്നും എന്നിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നും റെനി ആരോപിച്ചു.

ആംബുലൻസിൽ ഒരുരോഗി പുറത്ത് കിടക്കുന്ന കാര്യം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ അറിഞ്ഞിരുന്നില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. പിആർഒ ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് വിശദമാക്കിയിരുന്നു. 

വെന്‍റിലേറ്റർ സൗകര്യമുണ്ടോ എന്നാണ് രോഗിയുടെ മകൾ ചോദിച്ചത്. ഇല്ലെന്ന് വ്യക്തമാക്കി. മറ്റ് എവിടെയെങ്കിലും സൗകര്യമുണ്ടോയെന്ന് പിആർഒ അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കള്‍ രോഗിയെയും കൊണ്ട് പോയതെന്നായിരുന്നു വിശദീകരണം. എന്നാൽ വാദം മരിച്ചയാളുടെ കുടുംബം പാടെ തള്ളുകയാണ്.

കട്ടപ്പന സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മരിച്ചത്. രോഗിയ്ക്ക് മെഡിക്കൽ കോളേജ് കൂടാതെ സ്വകാര്യ ആശുപത്രികളായി കാരിത്താസ്, മാതാ ആശുപത്രി അധികൃതരും ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

ഗുരുതരമായ ശ്വാസതടസത്തെയും പനിയെയും തുടർന്നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉച്ചക്ക് രണ്ട് പത്തിനാണ് ജേക്കബ് തോമസിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. എന്നാല്‍ വെന്‍റിലേറ്റർ ഒഴിവില്ലെന്ന് പിആർഒ അറിയിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും എത്തിയിട്ടും ഒരു ഡോക്ടർ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് മകൾ റിനി പറഞ്ഞു.

തിരിച്ച് മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും രോഗി മരിച്ചിരുന്നു. ഏകദേശം മൂന്ന് മണിക്കുറോളം മൂന്ന് ആശുപത്രികളിലായി രോഗിയെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നടക്കുകയായിരുന്നു ബന്ധുക്കൾ. മരണം സംഭവിച്ച ശേഷവും മാധ്യമങ്ങൾ എത്തിയപ്പോഴാണ് ഡോക്ടർമാർ ആബുലൻസിൽ തിരിഞ്ഞ് നോക്കിയത് എന്നുമാണ് ആരോപണം. നിപ നേരിടാൻ സംസ്ഥാനത്ത് വലിയ ക്രമീകരണം നടത്തുമ്പോഴാണ് കോട്ടയത്ത് ചികിത്സാ വീഴ്ചയുണ്ടായത്.