മുന്നൂറ് ദിവസത്തിലേറെ നീണ്ട സമരത്തിനൊടുവിലാണ് നാട്ടുകാർക്ക് അനുകൂലമായ തീരുമാനം ജില്ലാ ഭരണകൂടം എടുക്കുന്നത്

പത്തനംതിട്ട: പൊന്തൻപുഴ- വലിയകാവ് വനാതിർത്തിലെ 473 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കും. റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത സർവ്വേയിൽ കൈവശക്കാരുടെ ഭൂമി വലിയ കാവ് വനാതിർത്തിക്ക് പുറത്താണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുന്നൂറു ദിവസത്തിലേറെ നീണ്ട സമരത്തിനൊടുവിലാണ് നാട്ടുകാർക്ക് അനുകൂലമായ തീരുമാനം ജില്ലാ ഭരണകൂടം എടുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൊന്തൻപുഴ വലിയ കാവ് വന മേഖലയിലെ 473 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുന്നത്. പെരുമ്പട്ടി വില്ലേജിൽ താമസിക്കുന്നവർക്കാണ് പട്ടയം ലഭിക്കുക. ആകെ 1200 കുടുംബങ്ങൾ മേഖലയിൽ താമസിക്കുന്നുണ്ടെങ്കിലും ശേഷിക്കുന്നവർ കോട്ടയം ജില്ലയിലാണ് ഉൾപ്പെടുന്നത്. മന്ത്രിസഭാ യോഗ തീരുമാന പ്രകാരം വനം, റവന്യൂ വകുപ്പുകൾ ചേർന്ന് നടത്തിയ സർവ്വെയിൽ വനാതിർത്തിക്ക് പുറത്താണ് ഇവർ താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

പട്ടയം നൽകുമെന്ന കലക്ടറുടെ പ്രഖ്യാപനം കയ്യടികളോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. പൊന്തൻപുഴ വനഭൂമിയുടെ ഉടമസ്ഥത 283 സ്വകാര്യ വ്യക്തികൾക്ക് നൽകിയ ഹൈക്കോടതി വിധി പട്ടയം നൽകുന്നതിനെ ബാധിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.