Asianet News MalayalamAsianet News Malayalam

'അനുവാദമുണ്ടെങ്കിലും തുറക്കുന്നില്ല'; മഹല്ല് കമ്മിറ്റികള്‍ക്കും ഇമാമുമാര്‍ക്കും അഭിവാദ്യവുമായി സക്കറിയ

ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണമെന്ന് സക്കറിയ ഫേസ്ബുക്കില്‍ കുറിച്ചു

Paul Zacharia response govt decision to open religious centres
Author
Thiruvananthapuram, First Published Jun 7, 2020, 4:04 PM IST

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനത്തിനിടെ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ സക്കറിയ. ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണമെന്ന് സക്കറിയ ഫേസ്ബുക്കില്‍ കുറിച്ചു.

മത-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാവൂ. ഇത്തരമൊരു ആപത്‌ഘട്ടത്തിൽ അനുവാദമുണ്ടെങ്കിലും മോസ്‌കുകൾ തുറക്കുന്നില്ല എന്ന സംസ്കാര സമ്പന്നവും പൊതുനന്മയിൽ ഊ ന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികൾക്കും ഇമാം മാർക്കും ഒരു സഹ പൗരന്റെ അഭിവാദ്യങ്ങള്‍ എന്ന് കുറിച്ചാണ് സക്കറിയ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സക്കറിയയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ദൈവനാമത്തിൽ

ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണം. മത-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാവൂ. കാരണം, പ്രവാസികളുടെ മടക്കത്തോടെ. മൂന്നക്കങ്ങളിലേക്കു ഉയർന്നു കഴിഞ്ഞ രോഗികളുടെ എണ്ണം നാലോ അഞ്ചോ അക്കങ്ങൾ വരെ ഉയരാനുള്ള വഴി തുറക്കുകയാണ് ഒരു പക്ഷെ സർക്കാർ ചെയ്തത്. ( "ഒരു പക്ഷെ" - കാരണം ദൈവനാമത്തിലാണല്ലോ മഹാത്ഭുതങ്ങൾ സംഭവിക്കേണ്ടത്.)

അങ്ങനെ സംഭവിച്ചാൽ ഈ നടപടി ദൈവത്തിന്റെ നാമത്തിൽ കേരളീയരോട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം നിഷ്ഠരതകളിലെ ഏറ്റവും കടന്ന കൈ ആയിത്തീരും. ആരാധനാലയങ്ങൾ തുറക്കുന്നതിലൂടെ രോഗ ബാധ വർധിക്കുകയും മരണങ്ങൾ കുതിച്ചുയരുകയും ചെയ്‌താൽ ആ രക്തത്തിൽ നിന്ന് മതങ്ങൾക്കും സർക്കാരിനും കൈ കഴുകി മാറാൻ കഴിയുമോ?

ഇത്തരമൊരു ആപത്‌ഘട്ടത്തിൽ അനുവാദമുണ്ടെങ്കിലും മോസ്‌കുകൾ തുറക്കുന്നില്ല എന്ന സംസ്കാര സമ്പന്നവും പൊതുനന്മയിൽ ഊ ന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികൾക്കും ഇമാം മാർക്കും ഒരു സഹ പൗരന്റെ അഭിവാദ്യങ്ങൾ.

 

Follow Us:
Download App:
  • android
  • ios