Asianet News MalayalamAsianet News Malayalam

പെൻഷൻ പ്രായം 57 ആക്കണം; എയ്ഡഡ് നിയമനത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർ‌ശ

എയ്ഡഡ് സ്കൂൾ നിയമനത്തിൽ റിക്രൂട്മെന്റ് ബോർഡ് ഉണ്ടാക്കണം. മാനേജ്മെന്റുകൾക് ഉള്ള പൂർണ്ണ അധികാരം മാറ്റണം. ബോർഡിൽ മാനേജ്മെന്റ് പ്രതിനിധിയും ആവാം എന്നും ശുപാർശയിൽ പറയുന്നു.
 

pay reform commission has recommended that pension age should be raised to 57
Author
Thiruvananthapuram, First Published Sep 3, 2021, 11:00 AM IST

തിരുവനന്തപുരം: പെൻഷൻ പ്രായം 57 ആക്കണം എന്ന് ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശ. എയ്ഡഡ് നിയമനത്തിൽ ഇടപെടൽ വേണമെന്നും ശുപാർശയുണ്ട്. എയ്ഡഡ് സ്കൂൾ നിയമനത്തിൽ റിക്രൂട്മെന്റ് ബോർഡ് ഉണ്ടാക്കണം. മാനേജ്മെന്റുകൾക് ഉള്ള പൂർണ്ണ അധികാരം മാറ്റണം. ബോർഡിൽ മാനേജ്മെന്റ് പ്രതിനിധിയും ആവാം എന്നും ശുപാർശയിൽ പറയുന്നു.

റിക്രൂട്മെന്റ് ബോർഡ് നിലവിൽ വരും വരെ നിയമനം നിരീക്ഷിക്കാൻ ഓംബുഡ്സ്മാനെ വെക്കണം. എയ്ഡഡ് നിയമനം സുതാര്യമാക്കണം. ഒഴിവുകൾ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തണം. വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകർത്തണം. നിയമനത്തിലെ പരാതി പരിശോധിക്കാൻ ഓംബുഡ്സ്മാൻ ഉണ്ടാക്കണം. ഇതിനായി നിയമനിർമ്മാണം കൊണ്ടുവരണമെന്നും മോഹൻദാസ് കമ്മീഷന്റെ അന്തിമറിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. അന്തിമ റിപ്പോർട്ട്‌ കഴിഞ്ഞ ദിവസം സർക്കാരിന് നൽകി. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും ശപാർശ ചെയ്തിട്ടുണ്ട്.

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണം.  ജോലി ചെയ്യുന്ന സമയം വർധിപ്പിക്കണം.  പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ആക്കണം. വർഷത്തിലെ അവധി ദിനങ്ങൾ 12 ആക്കി കുറയ്ക്കണം.  ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കേണ്ടതുള്ളൂ.  ആർജിതാവധി വർഷം 30 ആക്കി ചുരുക്കണം. വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറിമാറി അവസരം നൽകണം.

ചെലവ് കുറയ്ക്കുന്നതിനായി പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക. കാലികമായ മാറ്റങ്ങൾ കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കണം എന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. 

എയ്ഡഡ് നിയമനരം​ഗത്തെ ക്രമക്കേടുകൾ ഒഴിവാക്കാനാണ് ശുപാർശകളെന്ന് ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ മോഹൻദാസ് പ്രതികരിച്ചു. ആയുർദൈർഘ്യം പരി​ഗണിച്ചാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശ. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും ശുപാർശകൾക്ക് കാരണമായി. സർക്കാർ ജോലികൾ ഡിജിറ്റലൈസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.ഇതിലൂടെ വീടുകളിലിരുന്ന് തന്നെ ജനങ്ങൾക്ക് സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight
 

Follow Us:
Download App:
  • android
  • ios