തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് ഇന്നലെയാണ് പി.സി. ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. 

കൊച്ചി: ജാമ്യാപേക്ഷയുമായി പി.സി.ജോർജ് (PC george approached Kerala High court for bail) വീണ്ടും ഹൈക്കോടതിയിൽ. തൻ്റെ ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ധാക്കണമെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ജോർജ് ആവശ്യപ്പെടുന്നത്. കിഴക്കേക്കോട്ട കേസിൽ പിസി ജോർജ് നൽകിയ ജാമ്യ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിൽ ഉണ്ട്. പുതിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ച് നാളെ പരിഗണിക്കും.നാളെ ഒന്നാം കേസ് ആയിട്ടാവും പുതിയ ഹർജി പരിഗണിക്കുക. 

തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് ഇന്നലെയാണ് പി.സി. ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. പിന്നാലെ കൊച്ചിയിൽ അറസ്റ്റ് ചെയ്ത ജോർജ്ജിനെ പൊലീസ് അർദ്ധ രാത്രി തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് രാവിലെ കനത്ത സുരക്ഷയിൽ ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കി. തുടർന്ന് ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. തിടുക്കത്തിലുള്ള നടപടികൾക്ക് പിന്നിൽ സർക്കാരെന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജ് ആരോപിച്ചിരുന്നു. 

പി.സി.ജോർജ് ജയിലിൽ തുടരും, ഇടക്കാല ജാമ്യം തേടിയുള്ള ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി

കരുതലോടെ പൊലീസ് നീക്കം, നിറഞ്ഞ നാടകീയത; ഒടുവിൽ പി സി ജോർജ് ജയിലിലേക്ക്

തുടരെ തുടരെ കുറ്റം ആവർത്തിക്കുകയാണ് ജോർജെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആരോപിക്കുന്നു.. കൂട്ട് പ്രതികളെ കണ്ടെത്താൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണം. ഒപ്പം പിസിയുടെ പ്രസംഗവുമായി ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ശബ്ദ സാന്പിൾ എടുക്കേണ്ടകുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടു. 

എന്നാൽ റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് കിട്ടിയിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് കസ്റ്റഡി അപേക്ഷ തിങ്കളാഴാഴ്ചത്തേക്ക് മാറ്റി. പൊലീസിനെതിരെ പരാതിയില്ലെന്നും, ആരെയും പേടിയില്ലെന്നും കോടതിൽ പിസി ജോർജ് പറഞ്ഞു. പിന്നാലെ ജയിലിലേക്ക് മാറ്റിയെങ്കിലും ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങാമെന്ന കണക്കു കൂട്ടലിലായിരുന്നു പിസി ജോർജ്. എന്നാൽ കേസിൽ ഇടക്കാല ജാമ്യം വേണമെന്ന ജോർജ്ജിൻറെ ആവശ്യം നാളത്തേക്ക് മാറ്റിയത് തിരിച്ചടിയായി.

അതേ സമയം വിദ്വേഷ പ്രസംഗ കേസിൽ തെളിവ് കിട്ടിയിട്ടും പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ വച്ചത് എന്തിനെന്ന് കോടതി ചോദിച്ചു. ഇതിൽ നാളെ വിശദീകരണം നൽകണമെന്ന് ഡിജിപിയോട് ജസ്റ്റിസ് പി ഗോപിനാഥ് ആവശ്യപ്പെട്ടു. വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. പിസി ജോർജ് നൽകിയ രണ്ട് ജാമ്യ ഹർജികളും കോടതി നാളെ ഉച്ചയ്ക്ക് പരിഗണിക്കും. 

അതേസമം ഇന്നലെ വരെ പിസി ജോർജിന് അഭിവാദ്യമർപ്പിച്ച് രംഗത്ത് വന്ന ബിജെപി പ്രവർത്തകർ ഇന്ന് പ്രത്യക്ഷ പിന്തുണയുമായി പിന്നാല എത്തിയില്ല എന്നതും ശ്രദ്ധേയമായി. ഏതായാലും ഈ ഒരു രാത്രി പിസി ജോർജ് എന്ന മുൻ സർക്കാർ ചീഫ് വിപ്പ് വിദ്വേഷ പ്രസംഗക്കേസിൽ അഴിയെണ്ണി ഇരിക്കുന്ന നിലയിലാണ് കാര്യങ്ങൾ.

അതേസമയം പിസി ജോർജിന് പിന്തുണ പ്രഖ്യാപിച്ച് മുണ്ടക്കയം കവലയിൽ ജനപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രകടനം നടന്നു. പി സി ജോർജിനെ അറസ്റ്റുചെയ്തതിനു എതിരെയായിരുന്നു മാർച്ച്. സംസ്ഥാനത്ത്‌ പോലീസ് ഇരട്ടനീതി നടപ്പാക്കുന്നതായി പ്രതിഷേധ പ്രകടനത്തിന് ശേഷം നേതാക്കൾ കുറ്റപ്പെടുത്തി. ജോർജ് വടക്കൻ, റെജി ചാക്കോ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.