കാസർകോട് പെനോയിൽ നിർമ്മാണത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ നിരോധിത പാൻമസാല നിർമാണ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും, വിദേശത്തേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയ 'കൂൾലിപ്' ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളും യന്ത്രസാമഗ്രികളും പിടിച്ചെടുക്കുകയും ചെയ്തു.
കാസർകോട്: പെനോയിൽ മാനുഫാക്ചറിങ് കമ്പനി എന്ന വ്യാജേന പ്രവർത്തിച്ചിരുന്ന വൻ നിരോധിത പാൻമസാല നിർമാണ കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് പൂട്ടി. കാസർകോട് മയിലാട്ടി 220 കെ.വി. സബ് സ്റ്റേഷന് സമീപം ദേശീയപാതയോരത്തെ ഇരുനില കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിസ്, മീപ്പുഗിരി സ്വദേശി ജാഫർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്നിനെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി മേൽപ്പറമ്പ് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഈ കേന്ദ്രം കണ്ടെത്തിയത്.
ഫാക്ടറിയിൽ നിന്ന് 25 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും പാൻമസാല നിർമാണത്തിന് ഉപയോഗിച്ചിരുന്ന വൻ യന്ത്രസാമഗ്രികളും പോലീസ് പിടിച്ചെടുത്തു. ചാക്കുകളിൽ നിറച്ച നിലയിൽ ഏകദേശം 15,000 പാക്കറ്റ് 'കൂൾലിപ്' പാൻമസാലകൾ കണ്ടെടുത്തു. ഇവ 'കോഴിക്കോട് - ഖത്തർ' എന്ന വിലാസത്തിൽ വിദേശത്തേക്ക് കയറ്റി അയക്കാൻ തയാറാക്കിവെച്ച നിലയിലായിരുന്നു. നിർമാണത്തിന് ഉപയോഗിച്ചിരുന്ന ജനറേറ്റർ, കംപ്രഷർ, പായ്ക്കിങ് മെഷീൻ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.
'പെനോയിൽ ഉല്പാദിപ്പിക്കുന്ന ഖുറൈസി എക്സ്പ്രസ് മാനുഫാക്ചറിങ് യൂണിറ്റ്' എന്ന വ്യാജ ബോർഡിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മാർച്ച് മാസം മുതൽ തുടങ്ങിയ സ്ഥാപനത്തിൽ ഈ മാസമാണ് പാൻമസാല നിർമാണം ആരംഭിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. നാട്ടുകാർക്ക് ഒട്ടും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം. കെട്ടിടത്തിന് മുന്നിൽ നിരവധി പെനോയിൽ കുപ്പികൾ നിരത്തിവെച്ചിരുന്നു. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉല്പാദനവും, മുകളിലത്തെ നിലയിൽ പായ്ക്കിങ്ങും തൊഴിലാളികളുടെ താമസവുമാണ് ഒരുക്കിയിരുന്നത്. രാത്രി കാലങ്ങളിൽ മുറികളുടെ ഷെട്ടറുകൾ പൂർണ്ണമായും അടച്ച്, ജനറേറ്റർ പ്രവർത്തിപ്പിച്ചായിരുന്നു ലഹരി നിർമാണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ എൻ.പി. രാഘവൻ, പ്രിൻസിപ്പൽ എസ്.ഐ. ടി. അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പോലീസ് എത്തുമ്പോൾ ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നു. ജൂനിയർ എസ്.ഐ. ഷൈജു, എ.എസ്.ഐമാരായ മനു, ജയപ്രകാശ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


