വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും അതിനുള്ള സാഹചര്യം ഇവിടെ ഇല്ലെന്നുമുള്ള എം വി ഗോവിന്ദൻ്റെ പ്രസ്തവാന വിവാദമായിരുന്നു.

കോഴിക്കോട്: വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറയുന്നവർ പരമ വിഡ്ഢികളാണെന്ന് മന്ത്രി എ കെ ബാലൻ. പ്രത്യശ്യാസ്ത്രത്തിൽ നമ്മുക്ക് തന്നെ അവിശ്വാസമുണ്ടായാൽ ജനങ്ങൾ ഒപ്പമുണ്ടാകില്ലെന്ന് പാലക്കാട് എസ്എഫ്ഐ സ്മൃതി സാഗരം പരിപാടിയിൽ ബാലൻ പറഞ്ഞു. 

വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും അതിനുള്ള സാഹചര്യം ഇവിടെ ഇല്ലെന്നുമുള്ള എം വി ഗോവിന്ദൻ്റെ പ്രസ്തവാന വിവാദമായിരുന്നു. അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വച്ചായിരുന്നു ഈ പ്രസ്താവന. എ കെ ബാലൻ പ്രത്യശാസ്ത്രത്തെ മുറുകെപ്പിടിച്ചതാകട്ടെ വിദ്യാ‍ർത്ഥി പ്രസ്ഥാനത്തിന്റെ വേദിയിലും. 

എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ ജൂബിലി ആഘോഷത്തിൽ സംസാരിക്കുന്നതിനിടെയാണ് വൈരുധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് മന്ത്രി വാചാലനായത്. ആദ്യമായി വൈരുധ്യാത്മക ഭൗതികവാദത്തെക്കുറിച്ചു ക്ലാസ് കേട്ടത് പി ഗോവിന്ദപ്പിള്ളയിൽ നിന്നാണെന്നും ഇത്രയും തെളിമയുള്ളൊരു പ്രത്യയശാസ്ത്രം വേറെ ഏതാണ് ലോകത്തുള്ളതെന്നും ബാലൻ ചോദിക്കുന്നു ഇതിനപ്പുറം ചിന്തിക്കുന്ന ആൾക്കാർ പരമവിഡ്ഢികളല്ലേ? എന്നാണ് ബാലന്റെ ചോദ്യം.