ഹൗസിങ് സൊസൈറ്റി ചിട്ടിയിലിട്ട ഒരു ലക്ഷത്തിൽ ഒരു രൂപ പോലും അമ്മയുടെ കാൻസർ ചികിത്സയ്ക്ക് കാഞ്ചനയ്ക്ക് ഉപകാരപ്പെട്ടില്ല 'വിശ്വസിച്ച് ബാങ്കിലും ഇട്ടൂടാണ്ടായില്ലേ? കിട്ടിയാ കിട്ടി പോയാല്‍ പോയി'

കണ്ണൂർ: പേരാവൂർ സഹകരണ ഹൗസിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിന് ഇരയായവർക്ക് ഇനിയും പണം തിരികെ കിട്ടിയില്ല. കൂലിപ്പണി ചെയ്ത് നിക്ഷേപിച്ച തുക ചോദിച്ച് നൂറു കണക്കിന് പേരാണ് രണ്ട് വർഷമായി സൊസൈറ്റിയില്‍ എത്തുന്നത്. സിപിഎമ്മിന്‍റെ ഉറപ്പിൽ പ്രതീക്ഷ വെച്ചവരും നിരാശയിലാണ്.

രണ്ട് വർഷം മുമ്പ് പേരാവൂർ ആലഞ്ചേരിയിലെ കാഞ്ചനയെ ഏഷ്യാനെറ്റ് ന്യൂസ് കാണുമ്പോൾ അവരുടെ അമ്മ മരിച്ച് ആഴ്ച തികഞ്ഞിട്ടില്ല. ഹൗസിങ് സൊസൈറ്റി ചിട്ടിയിലിട്ട ഒരു ലക്ഷത്തിൽ ഒരു രൂപ പോലും അമ്മയുടെ കാൻസർ ചികിത്സയ്ക്ക് കാഞ്ചനയ്ക്ക് ഉപകാരപ്പെട്ടില്ല.

തട്ടിപ്പെല്ലാം പുറത്തുവന്ന്, പണമെല്ലാം കിട്ടുമെന്ന് പാർട്ടി ഉറപ്പ് കൊടുത്ത് രണ്ട് വർഷം കഴിഞ്ഞ് കാഞ്ചനയെ വീണ്ടും കണ്ടു, കറ്റമെതിക്കുന്ന കൂട്ടത്തില്‍. മുഴുവൻ പണവും ഇനിയും കിട്ടിയിട്ടില്ല. അമ്മ മരിച്ച് നാൽപ്പതാം നാൾ ഇരുപതിനായിരം രൂപ, പിന്നെയൊരു പതിനായിരം രൂപ കൂടി കിട്ടി.

"ഫോണ്‍ വിളിച്ചാല്‍ സെക്രട്ടറി എടുക്കില്ല. പാര്‍ട്ടിക്കാര് പറയും വാങ്ങിത്തരുമെന്ന്. പശുവിനെ പോറ്റിയിട്ട് മറ്റും നയിച്ചുണ്ടാക്കിയതാണ്. കൊടുക്കേണ്ട കടമയുണ്ട്"- പണം പതിരായിപ്പോയ സങ്കടവുമായി സൗമിനി ഉള്‍പ്പെടെ നൂറിലധികം പേർ.

ഉയര്‍ന്ന പലിശയും ജോലിയും വാഗ്ദാനം, വേങ്ങേരി കാർഷികോൽപ്പാദന സഹകരണ സംഘത്തിൽ പണം നഷ്ടപ്പെട്ടത് 50ലേറെ പേര്‍ക്ക്

സഹകരണ നിയമം ലംഘിച്ചാണ് ചിട്ടി നടത്തിയത്. നിക്ഷേപം വകമാറ്റി ശമ്പളം നല്‍കി. 1.67 കോടിയുടെ തട്ടിപ്പാണ് നടന്നത്. സെക്രട്ടറി ഹരിദാസായിരുന്നു പിന്നിൽ. സിപിഎം ഭരണ സമിതിയും വെട്ടിലായി. ക്രൈംബ്രാഞ്ച് കേസും പാർട്ടി നടപടിയുമൊക്കെയായി. കോടതി വഴി നീങ്ങിയവർക്ക് മാത്രം പണം കിട്ടി. അതിന് വകയില്ലാത്തവർ കാത്തിരിപ്പിലാണ്.

എന്തുകൊണ്ട് കേസിന് പോയില്ലെന്ന് ഇനിയും 86000 തിരികെക്കിട്ടാനുളള സിപിഎം ബ്രാഞ്ചംഗം വേണു പറയുന്നത് കേൾക്കാം- "പാര്‍ട്ടിയോട് കൂറുണ്ടല്ലോ ചെറുപ്പം മുതല്‍. ഏതെങ്കിലും കാലത്ത് മേടിച്ചുതരും, പാര്‍ട്ടി മേടിച്ചുതരും".

വിശ്വസിച്ച് ബാങ്കില്‍ ഇടാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് പണം നഷ്ടമായവര്‍. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന അവസ്ഥയാണെന്നും അവര്‍ പറയുന്നു.

YouTube video player