തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ മേഖലയുടേയും സര്‍ക്കാരിന്‍റെയും പ്രവര്‍ത്തനങ്ങളും അന്തര്‍ ദേശീയ തലത്തിൽ ചര്‍ച്ചയായിരിക്കെ സര്‍ക്കാരിന്‍റെയും വിവിധ മുന്നണികളുടെയും പ്രവര്‍ത്തനം വിലയിരുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ ഫലം. കൊവിഡ് പ്രതിരോധ പ്രവത്തനങ്ങളിൽ സർക്കാരിന്റെ പ്രവർത്തനം വളരെ മികച്ചതെന്ന് അഭിപ്രായാപ്പെടുന്നത് 15 ശതമാനം പേരാണ്. 43 ശതമാനം ആളുകൾ സര്‍ക്കാര്‍ പ്രവര്‍ത്തനം മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ 26 ശതമാനം പേര്‍ തൃപ്തി രേഖപ്പെടുത്തിയപ്പോൾ മോശം പ്രകടനമാണ് പിണറായി വിജയൻ സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ നടത്തിയതെന്ന് 16 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.  

മികച്ച പ്രവര്‍ത്തനം ആണ് കൊവിഡ് കാലത്ത് യുഡിഎഫ് പുറത്തെടുത്തതെന്ന് 35 ശതമാനം ആളുകളും തൃപ്തികരമെന്ന് 30 ശതമാനം ആളുകളും അഭിപ്രായപ്പെട്ടപ്പോൾ 31 ശതമാനം ആളുകൾ കൊവിഡ് കാലത്ത് യുഡിഎഫ് പ്രകടനം മോശമെന്നാണ് വിലയിരുത്തുന്നത്. വളരെ മികച്ച പ്രകടനം കാഴ്ച വച്ചെന്ന് വിശ്വസിക്കുന്ന 4 ശതമാനം ആളുകളും ഉണ്ട്. 

പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുതൽ പ്രവാസി പ്രശ്നങ്ങളിൽ വരെ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന എൻഡിഎ കൊവിഡ് കാലത്ത് കേരളത്തിൽ തൃപ്തികരമായി പ്രവര്‍ത്തിച്ചു എന്ന് കരുതുന്നവരാണ് കൂട്ടത്തിൽ കൂടുതൽ . 44 ശതമാനം ആളുകൾ എൻഡിഎ പ്രവര്‍ത്തനം തൃപ്തികരമെന്ന് വിലയിരുത്തിയപ്പോൾ മികച്ച പ്രവര്‍ത്തനം ആണെന്ന് പറഞ്ഞ 16 ശതമാനം ആളുകളും വളരെ മികച്ച പ്രകടനം കാഴ്ച വച്ചെന്ന് വിശ്വസിക്കുന്ന 7 ശതമാനം പേരും ഉണ്ട്. എൻഡിഎ മോശം പ്രകടനമാണ് കൊവിഡ് കാലത്ത് പുറത്തെടുത്തതെന്നാണ് 33 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് അടക്കം തെരഞ്ഞെടുപ്പ് കാലം അടുത്തെത്തി നിൽക്കെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സും കാഴ്ചപ്പാടും എന്താണ്? കൊവിഡ് മഹാമാരിക്കൊപ്പം നീങ്ങുന്ന കേരളം എങ്ങനെ  ചിന്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ. രണ്ട് ദിവസങ്ങളിലായാണ് സര്‍വെ ഫലം പുറത്ത് വിടുന്നത്.