കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവർത്തകരുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ട്, ഒൻപത്, പത്ത് പ്രതികളാണ് ഹർജി സമർപ്പിച്ചത്. 

രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലുളള കൊലപാതകമെന്ന് എഫ് ഐ ആറിൽ രേഖപ്പെടുത്തിയ ശേഷം കുറ്റപത്രത്തിൽ അത് എങ്ങനെയാണ്  വ്യക്തിവൈരാഗ്യമായി മാറിയത് എന്ന് കേസ് ഡയറി പരിശോധിച്ച കോടതി വിമർശിച്ചിരുന്നു. ഒരാളോടുളള വ്യക്തിവൈരാഗ്യത്തിന് എന്തിനാണ് പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തിയതെന്നും കോടതി ആരാഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലുമാണ് മൂന്നുമാസം മുമ്പ് കൊല്ലപ്പെട്ടത്.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയം​ഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.