ഇടുക്കി: രാജ്യത്തെ മികച്ച കടുവ സങ്കേതത്തിനുള്ള ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അവാര്‍ഡ് പെരിയാര്‍ കടുവ സങ്കേതത്തിന് ലഭിച്ചു. ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ കടുവ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തല്‍, കടുവ സംരക്ഷണരീതികളും മാതൃകകളും, കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് മികച്ച കടുവ സങ്കേതത്തെ കണ്ടെത്തിയത്. 

രാജ്യത്തെ കടുവ സങ്കേതങ്ങളില്‍ നടത്തിയ പഠനത്തില്‍ 93.75 ശതമാനം പോയന്റുകള്‍ നേടി പെരിയാര്‍ ടൈഗര്‍ റിസര്‍വും മഹാരാഷ്ട്രയിലെ പെഞ്ച് കടുവാ സങ്കേതവും ഒന്നാം സ്ഥാനം പങ്കിട്ടു. ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ ജനറലും സ്പെഷ്യൽ സെക്രട്ടറിയുമായ സിദ്ധാനന്ദ ദാസിൽ നിന്നും പെരിയാർ ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ കെ ആർ അനൂപ് അവാർഡ് ഏറ്റുവാങ്ങി.