Asianet News MalayalamAsianet News Malayalam

ദേവികയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഓൾ ഇന്ത്യ കോൺഫഡറേഷൻ ഓഫ് എസ്/എസ്ടി ഓർഗനൈസേഷൻ ആണ് ഹർജി നൽകിയത്. ആറ് വയസ് മുതൽ പതിനാല് വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും അടിസ്ഥാന സൗകര്യം ഒരുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യമുണ്ട്.

petition in high court demanding compensation for devikas family
Author
Kochi, First Published Jun 4, 2020, 5:31 PM IST

കൊച്ചി: ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി. ഓൾ ഇന്ത്യ കോൺഫഡറേഷൻ ഓഫ് എസ്/എസ്ടി ഓർഗനൈസേഷൻ ആണ് ഹർജി നൽകിയത്. ആറ് വയസ് മുതൽ പതിനാല് വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും അടിസ്ഥാന സൗകര്യം ഒരുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യമുണ്ട്. സൗകര്യങ്ങൾ ഒരുക്കുന്നത് വരെ ഓൺലൈൻ ക്ലാസ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കാസർകോടുള്ള ഒരു രക്ഷിതാവ് നൽകിയ ഹർജിയിൽ നടപടിയെടുക്കാൻ നേരത്തെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇപ്പോൾ‌ ആരംഭിച്ചത് ട്രയൽ റൺ മാത്രമാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ സ്പോൺസേഴ്സിന്റെ സഹായം തേടുന്നുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച ഹർജി സിം​ഗിൾ ബഞ്ച് ചീഫ് ജസ്റ്റിസിന്റെ പരി​ഗണനയ്ക്ക് വിട്ടിരിക്കെയാണ് പുതിയ ഹ‍ർജി.

ഈ മാസം 14 വരെ ഓൺലൈൻ ക്ലാസ്സുകൾ ഇങ്ങനെ തന്നെ തുടരുമെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചത്. അതിനു ശേഷം മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടെങ്കിൽ വരുത്തും. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷമേ  ക്ലാസുകൾ തുടങ്ങൂ. പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമാക്കാൻ സ്പോൺസേഴ്സിന്റെ സഹായം തേടുകയാണ്. നിരവധി സ്പോൺസർമാരെ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios