പെട്ടിമുടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ അപകടത്തിൽപ്പെട്ട പലരും മരിച്ചത് പിറ്റേദിവസം രാവിലെ. രാത്രി മുഴുവൻ ചെളിയിലാണ്ട് കിടന്ന പലരും രാവിലത്തെ കനത്ത മഴയിൽ മണ്ണിനടിയിൽപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാർത്താവിനിമയ സംവിധാനങ്ങളുടെ അഭാവമാണ് രക്ഷാപ്രവർത്തനം വൈകിച്ചതും ഇവരുടെ ജീവനെടുത്തതും.

പെട്ടിമുടിയിൽ പലരും പ്രാണന് വേണ്ടി പിടഞ്ഞത് മണിക്കൂറുകൾ. ഓഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വൈദ്യുതി മുടങ്ങി മൊബൈൽ ടവറുകൾ നിശ്ചലമായതിനാൽ വിവരം പുറത്തറിഞ്ഞില്ല. തൊട്ടടുത്ത ലയങ്ങളിലുള്ളവർ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനെത്തിയത് പിറ്റേദിവസം രാവിലെ.

അപകടത്തിലുണ്ടായ മുറിവുകളിലൂടെ രക്തം വാർന്ന് പലരും മണിക്കൂറുകൾ കഴിഞ്ഞാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോ‍ർട്ടിലും വ്യക്തമാണ്. ഈ സമയമത്രയും ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കടുത്ത വേദനയിലും അവർ.