ഇടുക്കി: പെട്ടിമുടി ദുരന്തം തന്‍റെ ഉള്ളിലെ ഭയത്തെ ഇല്ലാതാക്കിയെന്ന് ദേവികുളം സബ് കലക്ടര്‍  പ്രേംക്യഷ്ണന്‍ ഐഎഎസ്. ചെറുപ്പത്തില്‍ തനിക്ക് ചോര കണ്ടാല്‍ എല്ലാവരെയും പോലെ ചെറിയൊരു ഭയമുണ്ടായിരുന്നു. എന്നാല്‍ പെട്ടിമുടി ദുരന്തം തന്‍റെ ഉള്ളിലെ ഭയത്തെ തുടച്ച് നീക്കിയെന്ന് പ്രേംക്യഷ്ണന്‍ ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കുട്ടിക്കാലത്ത് ചോരയുള്ള സീനുകള്‍ ഒഴിവാക്കുകയായിരുന്നു പതിവ്. കോളേജ് കാലഘട്ടത്തിലും അപകടങ്ങള്‍ കാണാന്‍ പോകില്ലായിരുന്നു. പലപ്പോഴും സിനിമകളില്‍ കൂടുതലായി ചോരയുള്ള രംഗങ്ങള്‍ വരുമ്പോള്‍ കഴിയുന്നതും ഒഴിവാക്കാനായിരുന്നു ശ്രമിച്ചിരുന്നത്. ഐഎഎസ് ലഭിക്കുന്നതിന് മുമ്പ് ബി എസ് എന്‍ എല്‍ ജീവനക്കാരനായിരുന്നു. അന്നാണ് ചോരയോടുള്ള ഭയം അല്പമെങ്കിലും മാറിക്കിട്ടിയത്. 

എന്നാല്‍, പെട്ടിമുടി ദുരന്തം തന്‍റെയുള്ളിലെ ഭയത്തെ മാറ്റിയെടുത്തതായി അദ്ദേഹം പറഞ്ഞു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമായിരുന്നു പെട്ടിമുടിയിലേത്. ആരും ഒരിക്കലും പ്രതീക്ഷിക്കാതെയായിരുന്നു അത് സംഭവിച്ചത്. ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കരുതിയ സ്ഥലങ്ങളിലൊന്നും അന്ന് അപകടമുണ്ടായില്ല. പക്ഷേ ഒരിക്കലും പ്രതീക്ഷിക്കാത്ത പെട്ടിമുടിയിലായിരുന്നു ദുരന്തം സംഭവിച്ചത്. അന്ന് അപകടം നടക്കുമ്പോള്‍ അവിടവുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങളും യാത്രാസൌകര്യങ്ങളും വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ദുരന്തം നടന്ന ഉടനെ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ദുരന്തം നടന്ന് 15 ദിവസത്തോളം അവിടെ കനത്ത മഴപെയ്തതും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. 

 

ദുരന്തം നടന്ന രണ്ടാം ദിവസം ഒരു ജേസിബി മണ്ണില്‍ പുതഞ്ഞ് കിടന്ന ഒരു കട്ടില്‍ മാറ്റിയപ്പോള്‍ കണ്ടത് മരണത്തിലും കെട്ടിപ്പിടിച്ച് കിടക്കുന്ന ഒരു അച്ഛന്‍റെയും അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹമായിരുന്നു. ഒരു ദിവസം വൈകുന്നേരം മൂന്ന് മാസം പ്രായമായ ഒരു കുഞ്ഞിന്‍റെ മൃതദ്ദേഹം കണ്ടെത്തി. ജീവിതത്തില്‍ ഒരിക്കലും ഈ ദൃശ്യങ്ങളൊന്നും മറക്കാന്‍പറ്റില്ല. പിന്നീടങ്ങോട്ടുള്ള 15 ദിവസങ്ങളിലും അതുപോലുള്ള ദൃശ്യങ്ങള്‍ മാത്രമായിരുന്നു പെട്ടിമുടിയില്‍ കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഒരു ദിവസം ഇരുപത്തിമൂന്നിലധികം മ്യതദേഹങ്ങളാണ് പെട്ടിമുടിയില്‍ പോസ്റ്റുമാട്ടത്തിന് വിധേയമാക്കേണ്ടി വന്നത്. എല്ലാത്തിനും സാക്ഷിയായി നില്‍ക്കേണ്ടി വന്നു. നിരന്തരം ഇത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോയത് കൊണ്ടാകും ഇപ്പോള്‍ ചോരയോട് പഴയ പൊലൊരു ഭയം ഇല്ലെന്നും ദേവികുളം സബ് കലക്ടര്‍ പ്രേംക്യഷ്ണന്‍ ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇടുക്കി രാജമലയില്‍ കഴിഞ്ഞ ഓഗസ്റ്റ് ആറാം തിയതിയാണ് പെട്ടിമുടി ദുരന്തം ഉണ്ടായത്. ചെറിയെ ഇടവേളയില്‍ ശക്തമായി പെയ്ത മഴയില്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടുകയും രണ്ട് കിലോമീറ്റര്‍ താഴെയുള്ള കണ്ണന്‍ ദേവന്‍ കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് ലയങ്ങളെയും കൊണ്ട് ഒലിച്ചിറങ്ങുകയുമായിരുന്നു. ആ ദുരന്തത്തില്‍ 55 പേരുടെ ജീവനാണ് നഷ്ടമായത്.  ഇനിയും അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട നദിയില്‍ നിന്നും 35 മൃതദേഹങ്ങളാണ് പലപ്പോഴായി കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്ററോളം ഒലിച്ച് പോയ മൃതദേഹങ്ങള്‍ ആഴ്ചകള്‍ക്ക് ശേഷം കണ്ടെത്തിയ സംഭവം പോലുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.