കൊച്ചി: സുപ്രീംകോടതി വിധിപ്രകാരം ആരാധനയ്ക്കെത്തുന്നവരെ പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയില്ലെന്ന് യാക്കോബായ മലബാർ ഭദ്രാസനാധിപൻ സക്കറിയാ മാർ പോളി കാർപസ്. എന്നാൽ, ആരാധനയുടെ പേരിൽ എവിടെ നിന്നെങ്കിലും വരുന്നവർക്ക് പള്ളിയിൽ പ്രവേശിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ ശ്രമം രണ്ടാം ദിവസവും തുടരുകയാണ്. ഇന്നലെ രാത്രി മുതൽ ഓർത്തഡോക്സ് വിഭാ​ഗം പള്ളിക്ക് മുന്നിൽ തന്നെ നിലയുറച്ചിരിക്കുകയാണ്. പള്ളിക്ക് മുന്നിൽ പന്തൽക്കെട്ടിയാണ് ഓർത്തഡോക്സ് വിഭാ​ഗക്കാർ പ്രതിഷേധിക്കുന്നത്. ഇതുകൂടാതെ, വിധി നടപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സുപ്രീംകോടതി വിധി നടപ്പിലാകുന്നതുവരെ പള്ളിക്കകത്ത് കയറാനുള്ള ശ്രമം തുടരുമെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് പറഞ്ഞു. പൊലീസും ഇവിടുന്ന് മാറിത്തരേണ്ടവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കൊട്ടില്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് തങ്ങളുടെ ഔദാര്യമല്ല, അവകാശമാണ്. സുപ്രീംകോടതി വിധി പ്രകാരം പള്ളിയില്‍ കയറാന്‍ അവകാശം ലഭിച്ചിട്ട് ഒരുവർഷമായിട്ടും അത് നടപ്പിലാക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. അതിന്‍പ്രകാരമാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. എന്നാല്‍. പുറത്തുപോകാന്‍ നിർദ്ദേശമുള്ളവർ പള്ളിക്കകത്ത് ഇരിക്കുകയാണ്. അവർക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിനുള്ള സാഹചര്യവും പൊലീസ് ഒരുക്കിയിരിക്കുകയാണ്. കോടതി വിധി അട്ടിമറിക്കുകയാണിവിടെ. നാട്ടിലെ നിയമത്തിന് വിലയില്ലാതാക്കാനുള്ള ശ്രമത്തിന് കൂട്ടുനില്‍ക്കില്ല. ഇതിനെതിരെ കേസ്കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

 പള്ളിയിൽ കയറുന്നതിന് വിലക്കേർപ്പെടുത്തപ്പെട്ട വൈദികരടക്കമുള്ള യാക്കോബായക്കാർ പള്ളിക്കകത്തും തുടരുകയാണ്. രാവിലെ യാക്കോബായ വിഭാ​ഗം പള്ളിയിൽ പ്രാർത്ഥനാശ്രശൂഷകൾ നടത്തിയിരുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ഇന്നലെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്. എന്നാൽ, ഈ നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പള്ളി ​ഗേറ്റ് പൂട്ടി യാക്കോബായ വിഭാ​ഗക്കാർ പള്ളിക്കകത്ത് തമ്പടിക്കുകയായിരുന്നു.

തുടർന്ന് ഇരുവിഭാ​ഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത  കണക്കിലെടുത്ത് പള്ളിപരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി.  വൈദികരുൾപ്പടെ 67 യാക്കോബായ വിഭാഗക്കാരെ പള്ളിയിൽ കയറുന്നതിന് വിലക്കുകയും ചെയ്തു. എന്നാൽ, വിലക്കേർപ്പെടുത്തപ്പെട്ട വൈദികരുൾപ്പടെയുള്ള യാക്കോബായ വിഭാ​ഗക്കാരെ പള്ളിയിൽ നിന്ന് ഇറക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.

ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ. എന്നാൽ, എന്ത് തന്നെ സംഭവിച്ചാലും പള്ളിയിൽ കയറുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഓർത്തഡോക്സ് വിഭാ​ഗക്കാർ. പിറവം പള്ളിയിൽ വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രമെ ചർച്ചയ്ക്കുള്ളുവെന്നും ഓർത്തഡോക്സ് വിഭാഗം നിലപാട് വ്യക്തമാക്കി. പൊലീസ് നടപടികള്‍ സ്വീകരിക്കുന്നുവരെ കാത്തിരിക്കും. അക്രമത്തിനും സംഘർഷത്തിനും തയ്യാറല്ല. പൂട്ട് പൊളിച്ചു പള്ളിയിൽ കയറില്ലെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് പറഞ്ഞു.

ക്രൈസ്തവ സാക്ഷ്യത്തിന് ദോഷമുണ്ടാകാതിരിക്കാൻ ഇരുകൂട്ടരും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന ചർച്ച ചെയത് സമാവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസന്റെ പ്രതികരണം. ഇനിയങ്ങോട്ട് തങ്ങളുടെ ഒരു ആരാധനാലയവും വിട്ടു നൽകില്ലെന്നും കോടതി വിധിക്ക് അകത്തുനിന്ന് തന്നെയാണ് സംസാരിക്കുന്നതെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കിയിരുന്നു.