പത്തനംതിട്ട: ശബരിമല മരക്കൂട്ടത്ത് അർധരാത്രി മരം ഒടിഞ്ഞ് വീണ് 10 തീർത്ഥാടകർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് സന്നിധാനം സ്പെഷ്യൽ ഓഫീസർ റിപ്പോർട്ട് തേടി. മരക്കൂട്ടം ചന്ദ്രാനന്ദൻ റോഡിലായിരുന്നു അപകടം. ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകരുടെ മുകളിലേക്ക് മരത്തിന്‍റെ ഒരുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആന്ധ്രാ സ്വദേശികളായ രാമേശ്വര ലിംഗ റാവു, സതീഷ് , രാമു, പത്തനംതിട്ട ചിറ്റാർ സ്വദേശി അനിൽകുമാർ, മലപ്പുറം തിരൂർ സ്വദേശി പ്രേമൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി ശ്രീനു, ആന്ധ്രാ സ്വദേശികളായ രഘുപതി, ഗുരുപ്രസാദ് എന്നിവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, ഫയർ ഫോഴ്സ് , പൊലീസ് സേനാംഗങ്ങള്‍ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തിന്‍റെ പശ്ചാത്തലത്തിലും, തീർത്ഥാടകരുടെ തിരക്കും പരിഗണിച്ച് കൂടുതൽ പൊലീസിനെ വിന്യസിക്കും.