പത്തനംതിട്ട: ശബരിമല മണ്ഡല കാലത്ത് തീർത്ഥാടകരുടെ എണ്ണം കൂട്ടില്ല. നിലവിലെ സ്ഥിതി തുടരാൻ ചീഫ് സെക്രട്ടറി സമിതി യോഗത്തിൽ തീരുമാനമായി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാധാരണ ദിവസങ്ങളില്‍ രണ്ടായിരവും വാരാന്ത്യത്തില്‍ മൂവായിരം തീര്‍ത്ഥാടകര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതി. അതേസമയം ശബരിമലയില്‍ കൊവിഡ് പരിശോധന  കര്‍ശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍  കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പി‍ഡ് പരിശോധനയിൽ 36 പേ‍ർക്ക് കൊവിഡ് കണ്ടെത്തി. 18 പോലീസ് ഉദ്യോഗസ്ഥ‍ർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ , ഒരു ഹോട്ടൽ ജീവനക്കാരന്‍ എന്നിവർക്കാണ് രോഗം  സ്ഥിരികരിച്ചത്. നിലക്കലില്‍ ഏഴ് പൊലീസുകാരുള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരുഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചു.