തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷക്ക് പൂർണ്ണ പിന്തുണ ആവർത്തിച്ച് മുഖ്യമന്ത്രി. പികെ ശ്യാമള രാജിവെക്കണമെന്നത് രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞു. അതേ സമയം സാജന്‍റെ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജെയിംസ് മാത്യു എംഎൽഎ തന്നെ സമീപിച്ചിരുന്നതായി മന്ത്രി കെടി ജലീൽ സമ്മതിച്ചു.

ആന്തൂർ ആത്മഹത്യയെ ചൊല്ലി ഒരു വശത്ത് പ്രതിപക്ഷം സർക്കാറിനെതിരെ നിലപാട് കടുപ്പിക്കുമ്പോള്‍ മറുവശത്ത് സിപിഎം കണ്ണൂർ ലോബിയിലെ ഭിന്നത മുറുകുകയാണ്. അതിനിടെയാണ് ഉദ്യോഗസ്ഥരെ മാത്രം വീണ്ടും പഴിച്ച് പികെ ശ്യാമളക്ക് മുഖ്യമന്ത്രി പൂർണ്ണ പിന്തുണ ആവര്‍ത്തിച്ചത്.

പ്രവാസിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവും പ്രതിപക്ഷ എംഎൽഎമാരും ലോകകേരളസഭയിൽ നിന്നും രാജിവെച്ചിരുന്നു. രാജിപിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പിണറായിയുടെ നിലപാട് വ്യക്തമാക്കൽ ശ്യാമളയെ വിമർശിച്ച പി.ജയരാജനടക്കമുള്ള നേതാക്കൾക്ക് കൂടിയുള്ള മറുപടിയാണ്.

താൻ തദ്ദേശസ്വയംഭരണ മന്ത്രിയായിരിക്കുന്ന കാലത്ത് സാജൻ പാറയിലിന്‍റെ കൺവെൻഷൻ സെന്‍ററിന്‍റെ പ്രശ്നം ജെയിംസ് മാത്യു എംഎല്‍എ തന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് കെടി ജലീല്‍ പറഞ്ഞു. ജെയിംസ് മാത്യു ഇടപെട്ടതിന്  പിന്നാലെ  എംവി ഗോവിന്ദൻ  പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചുവെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അറിയില്ലെന്ന് ജലീല്‍ പറയുന്നു. ഇതേക്കുറിച്ച് പ്രൈവറ്റ് സെക്രട്ടറി തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ജലിലീന്‍റെ വിശദീകരണം. 

സാജന്‍റെ പ്രശ്നം പരിഹരിക്കണം എന്ന് താന്‍ കെടി ജലീലിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ എംവി ഗോവിന്ദന്‍ ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചിരുന്നുവെന്ന് സംസ്ഥാന സമിതിയില്‍ ജെയിംസ് മാത്യു പറഞ്ഞിരുന്നു. അതേസമയം നിയമസഭയിലെ സംവാദത്തിനിടെ ജെയിംസ് മാത്യുവിന്‍റെ ആരോപണം പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കി.