Asianet News Malayalam

കൊവിഡ് ഇതര രോ​ഗികളുടെ ചികിത്സ ഉറപ്പാക്കണം; അമിതമായ ചികിത്സാ ഫീസ് ഒരു ആശുപത്രിയും ഈടാക്കരുതെന്ന് മുഖ്യമന്ത്രി

കരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ ചികിത്സാചെലവ് 15 ദിവസത്തിനുള്ളിൽ മുഴുവന് തുകയും സർക്കാർ കൈമാറുമെന്നും  മുഖ്യമന്ത്രി അറിയിച്ചു.

Pinarayi Vijayan  about covid treatment in kerala
Author
Thiruvananthapuram, First Published Apr 24, 2021, 6:21 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കൊവിഡ് ഇതര രോ​ഗികളുടെ ചികിത്സ ഉറപ്പാക്കണം. അമിതമായ ചികിത്സാ ഫീസ് ഒരു ആശുപത്രിയും ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആളുപത്രികളുടേത് നല്ല സഹകരണമാണെന്നും കൊവിഡ് പ്രതിരോധത്തില്‍ പൂര്‍ണ പിന്തുണ വാ​ഗ്ദാനം ചെയ്തെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിടക്കകളുടെ എണ്ണം യുദ്ധകാല അടിസ്ഥാനത്തില്‍ കൂട്ടണം. കിടക്കകളുടെ 25 ശതമാനം കൊവിഡ് രോ​ഗികള്‍ക്കായി മാറ്റണം. ഐസിയു വെന്‍റിലേറ്ററുകളും പൂര്‍ണ സജ്ജമാക്കണം. ആംബുലന്‍സ് ഉടമകളും സേവനദാതാക്കളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ ചികിത്സാചെലവ് 15 ദിവസത്തിനുള്ളിൽ മുഴുവന് തുകയും സർക്കാർ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

രോഗവ്യാപന തോത് വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി. ഒന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് മികച്ച സഹകരണം ലഭിച്ചിരുന്നു. ചികിത്സയ്ക്കും പ്രതിരോധത്തിനും പൂർണ സഹകരണം ഇന്നത്തെ യോഗത്തിലും അവർ വാഗ്ദാനം ചെയ്തു. വ്യാപന തോത് രൂക്ഷമാകുന്ന ഘട്ടത്തെ മുന്നിൽ കണ്ടുള്ള നിർദ്ദേശങ്ങളാണ് യോഗത്തിൽ മുന്നോട്ട് വെച്ചത്. എല്ലാ ആശുപത്രികളും കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. ആകെ കിടക്കകളുടെ 25 ശതമാനം കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണം. ഇപ്പോൾ തന്നെ പലരും ഭൂരിഭാഗം കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെച്ചു. 40-50 ശതമാനം വരെ പലരും മാറ്റിവെച്ചിട്ടുണ്ട്. എല്ലായിടത്തും 25 ശതമാനമെങ്കിലും കിടക്കകൾ കൊവിഡിനായി പ്രത്യേകം നീക്കിവെക്കണമെന്നാണ് പൊതുവേ ആവശ്യപ്പെട്ടത്. അതോടൊപ്പം ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവര കണക്ക് ഡിഎംഒയ്ക്ക് കൈമാറണം. എവിടെയൊക്കെ കിടക്കകളുണ്ടെന്ന് മനസിലാക്കി അങ്ങോട്ട് അയക്കാൻ ഇത് സഹായിക്കും. രോഗവ്യാപന തോത് നോക്കി കൂടുതൽ നടപടിയെടുക്കാനും ഈ വിവരങ്ങൾ അറിയുന്നത് സഹായിക്കും.

ഗുരുതര രോഗമുള്ളവർ പലയിടത്തും എത്തിപ്പെടാറുണ്ട്. അവിടെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം. മികച്ച ഡോക്ടർമാർ നഴ്സുമാർ പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ വേണം. കൊവിഡ് ചികിത്സയിൽ പ്രാവീണ്യം നേടിയവരുടെ സേവനം ആവശ്യമായി വന്നാൽ ഡിഎംഒ ആവശ്യപ്പെടും. അത്തരം ഘട്ടങ്ങളിൽ അവരെ നൽകണമെന്നും സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു. ഐസിയു കിടക്കകളും വെന്റിലേറ്ററുകളും പൂർണ സജ്ജമായിരിക്കണം. ഐസിയു കിടക്കകൾ ഗുരുതര രോഗമുള്ളവർക്കായി ഉപയോഗിക്കണം. അനാവശ്യമായി ഐസിയു കിടക്കകൾ നിറയുന്നുണ്ടോയെന്ന് സ്ഥാപനങ്ങൾ പ്രത്യേകം പരിശോധിക്കണം. 108 ആംബുലൻസ് പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ആംബുലൻസുകൾ യോജിച്ച നിലയിൽ പ്രവർത്തിക്കണം. പരസ്പരം കാര്യങ്ങൾ മനസിലാക്കി ഇടപെടണം.

കൊവിഡ് ഇതര രോഗികൾക്ക് ഈ ഘട്ടത്തിൽ ചികിത്സ ഉറപ്പാക്കണമെന്നാണ് യോഗം കണ്ടത്. ഒരു ആശുപത്രിയിലും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ന്യായമായ രീതിയിൽ സർക്കാർ നിശ്ചയിച്ച ചികിത്സാ ഫീസാണ് പൊതുവേ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ചില ആശുപത്രികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയുണ്ട്. സർക്കാർ നിശ്ചിത നിരക്ക് എല്ലാ കാര്യങ്ങളിലും അംഗീകരിച്ചിട്ടുണ്ട്. ആ നിരക്ക് എല്ലാവർക്കും യോജിച്ചതാണ്. അതേ നിരക്ക് എല്ലാ ആശുപത്രികളും അംഗീകരിക്കുന്ന നില വേണം. സ്വകാര്യ ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി എംപാനൽ ചെയ്തിട്ടുണ്ട്. എംപാനൽ ചെയ്യാത്ത ആശുപത്രികൾ ഇത് ചെയ്യണം.

കരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ ചികിത്സയുമായി ബന്ധപ്പെട്ട ചെലവ് 15 ദിവസത്തിനകം കൊവിഡ് ചികിത്സയ്ക്കുള്ള മുഴുവൻ ചെലവും കൈമാറുന്ന അവസ്ഥയുണ്ടാകും. ഇത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികൾ നേരത്തെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. അത് പരിശോധിച്ച് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും ആവശ്യമായ നടപടി സ്വീകരിക്കും. ജാഗ്രതയോടെ നീങ്ങിയാലേ രോഗവ്യാപനം കുറയ്ക്കാനാവൂ. സർക്കാരെന്നോ, ഇതര സ്ഥാപനമെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ആരോഗ്യമേഖല നീങ്ങണമെന്ന അഭ്യർത്ഥനയാണ് സർക്കാർ മുന്നോട്ട് വെച്ചത്. അനുകൂല നിലപാടാണ് എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്.

സൗജന്യ കൊവിഡ് ചികിത്സയാണ് സംസ്ഥാനത്ത് നടത്തിവരുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാം തരംഗത്തിൽ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് വിനിയോഗിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ കുറേക്കൂടി ഫലപ്രദമായി ഉപയോഗിക്കും. വിശദാംശങ്ങൾ അധികം വൈകാതെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios