മുംബൈ: ജനങ്ങളിലെ മതേതര വികാരം ഇല്ലാതാക്കുകയാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമപരമായി പോരാടുക , നിയമസഭയിൽ പ്രമേയം പാസാക്കുക ,സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുക എന്നിവയാണ് കരിനിയമത്തിനെതിരെ ചെയ്യാനാവുകയെന്നും മുംബൈ കളക്ടീവ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ഇത് മുന്നും ചെയ്ത് സമര മുഖത്തെ ജേതാവാണ് കേരളമെന്നും കേരളത്തിന്‍റെ ശ്രമങ്ങളെല്ലാം മറ്റ് സംസ്ഥാനങ്ങളെയും സമാന നിലപാട് സ്വീകരിക്കുന്നതിന് സ്വാധീനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവും മുഖ്യമന്ത്രി നടത്തി. വര്‍ഗീയ അജണ്ട നടപ്പാക്കുകയാണ് ബിജെപിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

മുംബൈ നരിമാന്‍ പോയിന്‍റിലെ വൈ ബി ചവാന്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിച്ച പിണറായി വിജയന് നന്ദിയുണ്ടെന്നും അദ്ദേഹത്തെ മുംബൈ നഗരം സ്വാഗതം ചെയ്യുന്നുവെന്നും ഇന്നലെ സംഘാടകര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. കൂടാതെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന കേരളത്തെ സംഘാടകര്‍ അഭിനന്ദിക്കുകയും ചെയ്‍തു.

പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. സിഎഎയും എന്‍ആര്‍സിയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്‍റെ രാഷ്ട്രീയ നിലപാട് ആയിരക്കണക്കിനാളുകള്‍ക്ക് പ്രചോദനമാണ്. സിഎഎ, എന്‍ആര്‍സി വിരുദ്ധ പോരാട്ടത്തിന് കേരളമാണ് മുന്നില്‍ നിന്ന് നയിക്കുന്നത്. ജനജീവിത നിലവാരത്തിലും കേരളം രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതെന്നും സംഘാടകര്‍ കുറിച്ചിരുന്നു.