സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് ബക്കാഡി കമ്പനിക്ക് വേണ്ടിയുള്ള അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി ആരോപിച്ചു. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രസംഗിക്കവെയാണ് പിണറായി, അഴിമതി ആരോപണം ഉയർത്തിയത്. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഇതിനായി ബജറ്റിൽ നികുതി നിർദേശം തിരുകികയറ്റുകയാണ് ചെയ്തിരിക്കുന്നത്. പുതിയ നികുതി നിർദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ് ഷെഡ്യൂളിൽ മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. സ്വകാര്യ മദ്യ കമ്പനിക്ക് അമിത ലാഭം കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുക. അതാണ് ഗൗരവമുള്ള സംഗതിയെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കർണാടകയിലെ മദ്യ കമ്പനിക്ക് വേണ്ടിയാണ് ഈ നീക്കം. സ്വകാര്യ മദ്യ കമ്പനിയായ ബക്കാഡിക്ക് വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. നികുതി കുറക്കുന്നത് ബെക്കാഡിക്ക് വേണ്ടിയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2023 ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം ശരവേഗത്തിൽ ഫയൽ നീക്കമുണ്ടായി. ഏഴ് ഉദ്യോസ്ഥർ ശര വേഗതയിൽ ഫയൽ കണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ വന്ന ശേഷം ഫയൽ നീക്കത്തിലുണ്ടായത് അസാധാരണ വേഗമാണെന്നും പ്രതിപക്ഷ നേതാവ് വിവരിച്ചു.

സഭയിൽ ബഹളം, ഇറങ്ങിപ്പോക്ക്

നാടിന് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന നിർദേശമാണ് ബജറ്റിലുണ്ടായിരിക്കുന്നതെന്നും അടിയന്തര പ്രമേയം അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ ബജറ്റ് ചർച്ചക്കുള്ളിലെ വിഷയമായതിനാൽ ഇക്കാര്യത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മറുപടി. 'അങ്ങയെ പോലേ നീതിമാൻ ചെയറിലിരിക്കുമ്പോൾ ഇതെല്ലാം അനുവദിക്കാമോ' - എന്നായിരുന്നു സ്പീക്കറോടുള്ള പിണറായിയുടെ മറുചോദ്യം. ശേഷം അടിയന്തര പ്രമേയം അനുവദിക്കാത്തതിൽ സഭയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. മുദ്രാവാക്യം വിളിച്ച് നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എന്ത് പ്രതിഷേധമുണ്ടായാലും വാച്ച് ആൻഡ് വാർഡിനെ വിളിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിൽ ചർച്ച നടക്കേണ്ട വിഷയം ആണ് നോട്ടീസിൽ എന്നുള്ളതെന്നും ബജറ്റിനെ കുറിച്ച് ചർച്ചക്ക് ശേഷം സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

YouTube video player