Asianet News MalayalamAsianet News Malayalam

അപരിഷ്‌കൃത തത്വങ്ങളുടെ വക്താവിന്റെ പേരില്‍ ശാസ്ത്രസ്ഥാപനം അറിയപ്പെടരുത്; കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി

അശാസ്ത്രീയതയുടെയും അമാനവികതയുടെയും അപരിഷ്‌കൃത തത്വത്തിന്റെയും വക്താവായി നിലകൊണ്ട ഒരാളുടെ പേരില്‍ മനുഷ്യനന്മയ്ക്കുതകുന്ന ഒരു ശാസ്ത്രസ്ഥാപനം അറിയപ്പെടുന്നത് എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുക എന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കണം
 

Pinarayi Vijayan criticise against  RGCB naming MS Golvalkar
Author
Thiruvananthapuram, First Published Dec 12, 2020, 12:48 PM IST

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന് മുഖ്യമന്ത്രി കത്തെഴുതിയിരുന്നു. പിന്നാലെയാണ് രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം. 

കേന്ദ്രം ഗവേഷണസ്ഥാപനത്തെ രാഷ്ട്രീയലാക്കോടെ ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് ജനശ്രദ്ധ അകറ്റാനും ചര്‍ച്ചകളെ തിരിച്ചുവിടാനുമാണ് നീക്കം. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന എന്ത് സംഭാവനയാണ് ഗോള്‍വാള്‍ക്കറില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുന്നതല്ല ധര്‍മമെന്നും മതത്തിനുവേണ്ടി പോരാടുന്നതാണ് ആര്‍എസ്എസിന്റെ കര്‍ത്തവ്യമെന്നും വ്യക്തമാക്കിയ ആളാണ് ഗോള്‍വാള്‍ക്കര്‍. 1973 വരെ ആര്‍എസ്എസിന്റെ സര്‍ സംഘചാലകായി പ്രവര്‍ത്തിച്ച ഗോള്‍വാള്‍ക്കര്‍ ഒരിക്കല്‍പ്പോലും സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തിയിട്ടില്ല.

വ്യക്തികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ജനാധിപത്യം എന്നാക്ഷേപിച്ച് ഗോള്‍വാള്‍ക്കര്‍ അതിനെ എതിര്‍ത്തു. മനുസ്മൃതിയാണ് ഇന്ത്യയുടെ ഭരണഘടന ആകേണ്ടത് എന്നും കരുതിയ വ്യക്തിയാണദ്ദേഹം. മനുസ്മൃതിയില്‍ പുരുഷന് സ്ത്രീക്കുമേല്‍ ഉണ്ടാകേണ്ട അധികാരത്തെക്കുറിച്ചുള്‍പ്പെടെ പറയുന്നത് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലും തുടരണം എന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ ഇംഗിതം. ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനാണ് ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചത്. സംവരണത്തെയും ഗോള്‍വാള്‍ക്കര്‍ എതിര്‍ത്തു. 

 ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്നും അവരെ ഇല്ലായ്മ ചെയ്യണമെന്നും വിചാരധാരയിലൂടെ ഉദ്‌ബോധിപ്പിക്കുകയാണ് ഗോള്‍വാള്‍ക്കര്‍ ചെയ്തത്. ജാതിവ്യവസ്ഥയും അതിന്‍പ്രകാരമുള്ള വിവേചനങ്ങളും ആധുനിക ജനാധിപത്യ ഇന്ത്യയിലും തുടരണമെന്നു വാദിച്ച് തുല്യത എന്ന മൗലികമായ ഭരണഘടനാ ആശയത്തിനുതന്നെ വിരുദ്ധമായി നിലകൊണ്ടാണ് അദ്ദേഹം സംഘപരിവാറിന്റെ ഗുരുജിയായി സ്ഥാനം നേടിയത്. ഹിറ്റ്ലറുടെ കീഴില്‍ ജര്‍മനിയില്‍ നടന്ന വംശഹത്യയില്‍നിന്ന് ഇന്ത്യക്ക് വിലപ്പെട്ട പാഠം ഉള്‍ക്കൊള്ളാനുണ്ട് എന്ന് എഴുതിയ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയുടെ ഉള്ളടക്കത്തിന് എതിരായി നിലകൊണ്ട ആളാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം അത്തരം വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്നത് വിരോധാഭാസമാണ്.

അശാസ്ത്രീയതയുടെയും അമാനവികതയുടെയും അപരിഷ്‌കൃത തത്വത്തിന്റെയും വക്താവായി നിലകൊണ്ട ഒരാളുടെ പേരില്‍ മനുഷ്യനന്മയ്ക്കുതകുന്ന ഒരു ശാസ്ത്രസ്ഥാപനം അറിയപ്പെടുന്നത് എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുക എന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തിരുവനന്തപുരത്ത് ചാരിറ്റബിള്‍ സൊസൈറ്റി ആയി 1990ല്‍ തുടങ്ങിയ സ്ഥാപനത്തെയാണ് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്ന പേരില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കി വികസിപ്പിച്ചത്. 2007ല്‍ സ്വയംഭരണാവകാശമുള്ള സ്ഥാപനമാക്കി കേന്ദ്ര സര്‍ക്കാര്‍ അതിനെ പരിവര്‍ത്തനം ചെയ്തു. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് 20 ഏക്കര്‍ സ്ഥലമാണ് പ്രതിഫലം വാങ്ങാതെ സംസ്ഥാന സര്‍ക്കാര്‍ വിട്ടുകൊടുത്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അതുണ്ടായത്. ജഗതിയിലുള്ള മെയിന്‍ ക്യാമ്പസിനു പുറമെ മറ്റു രണ്ടു ക്യാമ്പസ് കൂടി ഇന്ന് കേരളത്തില്‍ ആര്‍ജിസിബിക്ക് ഉണ്ട്. തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കിലും, എറണാകുളത്ത് കളമശ്ശേരിയിലുള്ള ബയോനെസ്റ്റിലും.
കേരളം നട്ടുവളര്‍ത്തിയ സ്ഥാപനമാണ് ആര്‍ജിസിബി. അതിന്റെ വിപുലീകരണം ഈ നാടിന്റെയാകെ ആഗ്രഹമാണ്. ആ സ്ഥാപനത്തിന്മേലാണ് കേന്ദ്രം ഏകപക്ഷീയമായി പുതിയ പേര് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവയ്ക്ക് അനുയോജ്യമായ ആളുകളുടെ പേര് കൊടുക്കുന്നത് ഉചിതമാണ് എന്ന കാര്യത്തില്‍ അഭിപ്രായഭിന്നതയ്ക്ക് വകയില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നാമധേയത്തില്‍ സ്ഥാപനം അറിയപ്പെടുന്നതിലും ആരും എതിര്‍പ്പുന്നയിച്ചിട്ടില്ല. ശാസ്ത്രഗവേഷണരംഗത്ത് അന്താരാഷ്ട്രനിലവാരം പുലര്‍ത്തുന്ന  സ്ഥാപനത്തിന്റെ ഏതു വളര്‍ച്ചാഘട്ടത്തിലും ശാസ്ത്രപഠനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ യശസ്സ് ആഗോളതലത്തിലുയര്‍ത്തിയ ആരുടെയെങ്കിലും പേരിടുന്നതാണ് ഔചിത്യം. പ്രഫുല്ലചന്ദ്രറേയും, ജഗദീഷ് ചന്ദ്ര ബോസും, ശ്രീനിവാസ രാമാനുജനും, സി വി രാമനും മുതല്‍ ശകുന്തള ദേവിയും, കല്‍പ്പന ചൗളയും, വെങ്കി രാമകൃഷ്ണനുംവരെയുള്ള ശാസ്ത്രപ്രതിഭകളെ ആധുനിക ലോകത്തിന് ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട് എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കണം.


കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് ഈ ഗവേഷണസ്ഥാപനത്തെ രാഷ്ട്രീയലാക്കോടെ ഉപയോഗിക്കാനാണ്. അതുകൊണ്ടുമാത്രമാണ് അതിന് മാധവ സദാശിവ ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഈയൊരു ഘട്ടത്തില്‍ ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതുതന്നെ കഴിഞ്ഞ നാളുകളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് ജനശ്രദ്ധ അകറ്റാനും ഇത്തരത്തിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങളിലേക്ക് ചര്‍ച്ചകളെ തിരിച്ചുവിടാനുമാണ്. രാഷ്ട്രീയതിമിരം ബാധിച്ച തീരുമാനമാണിത്. ഇവിടെ ഓര്‍ക്കേണ്ട പ്രധാന കാര്യം നാമകരണത്തിന്റെ പ്രശ്‌നം ഉയര്‍ന്നുവന്നിരിക്കുന്നത് ഒരു ശാസ്ത്രഗവേഷണ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് എന്നതാണ്.ശാസ്ത്രാവബോധം വളര്‍ത്താന്‍ ഇന്ത്യന്‍ പൗരന് ഉത്തരവാദിത്തമുണ്ട് എന്ന് നമ്മുടെ ഭരണഘടനയില്‍ അനുച്ഛേദം 51 എ യിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന എന്ത് സംഭാവനയാണ് മാധവ് സദാശിവ് ഗോള്‍വാള്‍ക്കറില്‍നിന്ന് ഉണ്ടായിട്ടുള്ളത് എന്ന് ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട 1940കളില്‍ ആര്‍എസ്എസിന്റെ പരമോന്നത നേതാവായിരുന്നു ഗോള്‍വാള്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുന്നതല്ല തങ്ങളുടെ ധര്‍മമെന്നും തങ്ങളുടെ മതത്തിനുവേണ്ടി പോരാടുന്നതാണ് ആര്‍എസ്എസിന്റെ കര്‍ത്തവ്യമെന്നും വ്യക്തമാക്കിയ ആളാണ് സ്വയം സേവകര്‍ ഗുരുജി സ്ഥാനം നല്‍കിയ ഗോള്‍വാള്‍ക്കര്‍.

1945 മുതല്‍ രാജ്യത്തെമ്പാടും അലയടിച്ച ബഹുജന കര്‍ഷക  തൊഴിലാളി സമരങ്ങളുടെ ഫലമായി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടോടി. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വതന്ത്ര ഇന്ത്യയില്‍ 1973 വരെ ആര്‍എസ്എസിന്റെ സര്‍ സംഘചാലകായി പ്രവര്‍ത്തിച്ച ഗോള്‍വാള്‍ക്കര്‍ ഒരിക്കല്‍പ്പോലും സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തിയിട്ടില്ല. ഭരണഘടന പ്രാബല്യത്തില്‍ വന്നതോടെ 1950ല്‍ ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി. വ്യക്തികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ജനാധിപത്യം എന്നാക്ഷേപിച്ച് ഗോള്‍വാള്‍ക്കര്‍ അതിനെ എതിര്‍ത്തു. ലോകത്തെ ഏറ്റവും മഹത്തായ നിയമസംഹിത പ്രദാനംചെയ്തത് മനുവാണെന്നും അതുകൊണ്ട് മനുസ്മൃതിയാണ് ഇന്ത്യയുടെ ഭരണഘടന ആകേണ്ടത് എന്നും കരുതിയ വ്യക്തിയാണദ്ദേഹം. മനുസ്മൃതിയില്‍ പുരുഷന് സ്ത്രീക്കുമേല്‍ ഉണ്ടാകേണ്ട അധികാരത്തെക്കുറിച്ചുള്‍പ്പെടെ പറയുന്നത് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലും തുടരണം എന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ ഇംഗിതം. ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനാണ് ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചത്. ''1950ല്‍ നാം റിപ്പബ്ലിക്കായ ദിവസംമുതല്‍ പത്തുവര്‍ഷത്തേക്ക് മാത്രമേ ഡോ. അംബേദ്കര്‍ പട്ടികജാതിക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വേണമെന്ന് പരിഗണിക്കുകയുണ്ടായുള്ളൂ. പക്ഷേ, അത്- തുടര്‍ന്നുകൊണ്ടിങ്ങനെ പോകുകയാണ്.ജാതിയില്‍മാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേക ആനുകൂല്യങ്ങള്‍ തുടരാനുള്ള സ്ഥാപിതതാല്‍പ്പര്യങ്ങള്‍ വളര്‍ത്തുകയും ചെയ്യും.

സമുദായത്തിലെ ഇതര ഘടകങ്ങളോടുകൂടി അവര്‍ ഇഴുകിച്ചേരുന്നതിന് ഇത് തടസ്സമാണ് '' എന്നാണ് സംവരണത്തെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ അഭിപ്രായപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയില്‍ നാം നമുക്കുവേണ്ടി തയ്യാറാക്കി നല്‍കിയ ഭരണഘടന നിലനില്‍ക്കുകയും അതിന്‍പ്രകാരം ഇന്ത്യക്കാരായ എല്ലാവരും സമന്മാരായ പൗരന്മാരായിരിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ത്തന്നെയുള്ള ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്നും അവരെ ഇല്ലായ്മ ചെയ്യണമെന്നും വിചാരധാരയിലൂടെ ഉദ്‌ബോധിപ്പിക്കുകയാണ് ഗോള്‍വാള്‍ക്കര്‍ ചെയ്തത്. ജാതിവ്യവസ്ഥയും അതിന്‍പ്രകാരമുള്ള വിവേചനങ്ങളും ആധുനിക ജനാധിപത്യ ഇന്ത്യയിലും തുടരണമെന്നു വാദിച്ച് തുല്യത എന്ന മൗലികമായ ഭരണഘടനാ ആശയത്തിനുതന്നെ വിരുദ്ധമായി നിലകൊണ്ടാണ് അദ്ദേഹം സംഘപരിവാറിന്റെ ഗുരുജിയായി സ്ഥാനം നേടിയത്. ''ഹിറ്റ്ലറുടെ കീഴില്‍ ജര്‍മനിയില്‍ നടന്ന വംശഹത്യയില്‍നിന്ന് ഇന്ത്യക്ക്- വിലപ്പെട്ട പാഠം ഉള്‍ക്കൊള്ളാനുണ്ട് ''എന്ന് 'നാം, നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുമ്പോള്‍' എന്നു പുസ്തകം എഴുതിയ ഗോള്‍വാള്‍ക്കര്‍ വൈവിധ്യങ്ങള്‍ സംരക്ഷിക്കാനും വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ സാഹോദര്യം വളര്‍ത്താനും ഉദ്‌ബോധിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കത്തിന് എതിരായി നിലകൊണ്ട ആളാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം അത്തരം വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്നത് വിരോധാഭാസമാണ്.

അശാസ്ത്രീയതയുടെയും അമാനവികതയുടെയും അപരിഷ്‌കൃത തത്വത്തിന്റെയും വക്താവായി നിലകൊണ്ട ഒരാളുടെ പേരില്‍ മനുഷ്യനന്മയ്ക്കുതകുന്ന ഒരു ശാസ്ത്രസ്ഥാപനം അറിയപ്പെടുന്നത് എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുക എന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കണം. അവിവേകപൂര്‍ണമായ ഈ തീരുമാനത്തില്‍നിന്ന് രാജ്യതാല്‍പ്പര്യത്തിന്റെ പേരില്‍ പിന്മാറണം. കേരളത്തിന്റെ കുഞ്ഞാണ് ആര്‍ജിസിബി. അതുകൊണ്ടുതന്നെ അതിന്റെ വികസനഘട്ടത്തില്‍ പേര് തീരുമാനിക്കുന്നത് കേരളത്തിന്റെകൂടി അഭിപ്രായം മാനിച്ചുകൊണ്ടാകണം. അതാണ് ജനാധിപത്യ മര്യാദ. ഭരണഘടന അനുശാസിക്കുന്ന അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഭരണഘടനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. അതാണ് നാടിന്റെ പുരോഗതിക്ക് അനിവാര്യം.

Follow Us:
Download App:
  • android
  • ios