പിണറായി-ദേവ ഗൗഡ ചർച്ച നടന്നിട്ടില്ല, എൻഡിഎ ബന്ധത്തിൽ പൂർണ വിയോജിപ്പ്: മന്ത്രി കൃഷ്ണൻകുട്ടി
ഞങ്ങൾ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് വിട്ടുള്ള ഒരു കൂട്ടുകെട്ടിനും തങ്ങളില്ലെന്നും കെ കൃഷ്ണൻകുട്ടി

പാലക്കാട്: ജെഡിഎസ് - എൻഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന എച്ച് ഡി ദേവ ഗൗഡയുടെ വാദം തള്ളി സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ദേവ ഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എൻ ഡി എ ബന്ധത്തിനോട് പൂർണമായ വിയോജിപ്പാണ്. ഞങ്ങൾ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് എൻഡിഎക്ക് എതിരാണ്. എൻഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി തോമസും ദേവ ഗൗഡയെ കണ്ട് എൻ ഡി എ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദേവ ഗൗഡ പറഞ്ഞത് തെറ്റിദ്ധാരണകൊണ്ടോ പ്രായാധിക്യം കാരണമുള്ള പ്രശ്നം കൊണ്ടോ ആകാമെന്നാണ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ പ്രതികരണം. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ദേവ ഗൗഡയുടെ പ്രസ്താവന പൂർണ്ണമായും തള്ളുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഉയർന്നത് അസംഭവ്യമായ കാര്യങ്ങളാണ്. നേരത്തെ എടുത്ത തീരുമാനങ്ങൾക്ക് ഘടകവിരുദ്ധമായ പ്രഖ്യാപനമാണ് ദേവ ഗൗഡയുടേത്. ഒരു ചർച്ചയുമില്ലാതെയാണ് പാർട്ടി ദേശീയ നേതൃത്വം ബി ജെ പി യോടൊപ്പം ചേരാൻ പ്രഖ്യാപനം നടത്തിയതെന്ന് സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. നേരത്തെ ഉണ്ടായ തീരുമാനങ്ങൾക്ക് ഘടക വിരുദ്ധമാണ് ബി ജെ പി യുമായി സഖ്യം ചേരാനുമുള്ള അഖിലേന്ത്യാ അധ്യക്ഷന്റെ തീരുമാനം. അഖിലേന്ത്യാ അധ്യക്ഷൻ ദേവ ഗൗഡയുടെ പ്രസ്താവന പാർട്ടി തീരുമാനമല്ല. സംഘടനപരമായ കാര്യങ്ങളിൽ കുറച്ച് സമയം കൂടി കാര്യങ്ങൾ തീരുമാനിക്കാൻ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.