തിരുവനന്തപുരം: അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തെ ഓർമ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഴീക്കോടൻ കേരളത്തിന്റെ രക്തനക്ഷത്രമാണെന്നും കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ഏറ്റവും സമുന്നതനായ നേതാവാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

രണ്ടാം മഹാലോക യുദ്ധകാലത്ത് കോളറ പോലുള്ള രോഗങ്ങൾ മൂർച്ഛിച്ചപ്പോൾ രോഗവ്യാപനം തടയുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മുന്നിട്ടിറങ്ങിയ സഖാവ് പാർട്ടി അംഗങ്ങളെ ഇതിനായി അണിനിരത്തി. പാർട്ടി നിരോധനം നേരിട്ട 1948ലും രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം ഉണ്ടായിരുന്നു. കൊവിഡ് മഹാമാരിയുടെ കെടുതിയിൽ നമുക്ക് മുന്നോട്ടുകുതിക്കാനുള്ള ഊർജ്ജമാണ് സഖാവ് അഴീക്കോടന്റെ രക്തസാക്ഷിത്വത്തിന്റെ ഉജ്ജ്വല സ്മരണകളാണെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് അഴീക്കോടൻ ദിനം.
സഖാവ് അഴീക്കോടൻ രാഘവൻ കേരളത്തിന്റെ രക്തനക്ഷത്രമാണ്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് സഖാവ് അഴീക്കോടൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഈ നാടിനും ഇവിടത്തെ സാധാരണക്കാരായ മനുഷ്യർക്കും സഖാവ് അഴീക്കോടന്റെ രക്തസാക്ഷിത്വം ഒരുകാലത്തും മറക്കാനാവില്ല. 

അടിസ്‌ഥാന വർഗ്ഗത്തിനുവേണ്ടിയാണ് ആ ജീവിതം  ഉഴിഞ്ഞുവെച്ചിരുന്നത്. 1919 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ്  പൊതുപ്രവർത്തനം ആരംഭിച്ചത്. കോൺഗ്രസ് പാർടിയിൽ നിന്ന് സോഷ്യലിസ്റ്റ് പാർടിയിലെത്തിയ അദ്ദേഹം 1940ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തു.1946 ൽ പാർടിയുടെ കണ്ണൂർ ടൌൺ കമ്മിറ്റിയുടെ സെക്രട്ടറിയായ സഖാവ് 1956ൽ പാർടി ജില്ലാ സെക്രട്ടറിയായി. 1959 മുതൽ പാർട്ടി സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിക്കുകയായിരുന്നു. 1967ൽ  അദ്ദേഹം ഐക്യമുന്നണി കൺവീനർ സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1972 സെപ്തംബർ 23 ന് രക്തസാക്ഷിത്വം വരിക്കുമ്പോൾ മുന്നണി കൺവീനറും സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്നു. 

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രണമാണ് സമുന്നതനായ നേതാവിനെ വകവരുത്തുന്നതിലേക്കു നയിച്ചത്. ഇത്രയും ഉന്നതനും ജനകീയനുമായ നേതാവിനെ കുത്തിക്കൊല്ലാൻ മാർക്സിസ്റ്റ് വിരുദ്ധ സംഘത്തിന് ഒട്ടും കയ്യറപ്പുണ്ടായില്ല. ആ രക്തസാക്ഷിത്വം അന്നത്തെ എല്ലാ അനീതികൾക്കുമെതിരായ സമരം തകർക്കാനുള്ളതായിരുന്നു. 

സഖാവ് അഴീക്കോടനെതിരെ അന്ന് നടമാടിയ വ്യക്തിപരമായ ആക്രമണം പുതിയ തലമുറയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. രണ്ടാം മഹാലോകയുദ്ധകാലത്ത് കോളറ പോലുള്ള രോഗങ്ങൾ മൂർച്ഛിച്ചപ്പോൾ രോഗവ്യാപനം തടയുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മുന്നിട്ടിറങ്ങിയ സഖാവ് പാർട്ടി അംഗങ്ങളെ ഇതിനായി അണിനിരത്തി. പാർട്ടി നിരോധനം നേരിട്ട 1948 ലും രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം ഉണ്ടായിരുന്നു.  കോവിഡ് മഹാമാരിയുടെ കെടുതിയിൽ നമുക്ക് മുന്നോട്ടുകുതിക്കാനുള്ള ഊർജ്ജമാണ് സഖാവ് അഴീക്കോടന്റെ രക്തസാക്ഷിത്വത്തിന്റെ ഉജ്ജ്വല സ്മരണകൾ.