തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 9 മണിക്ക് ശേഷമുള്ള വാഹനനിയന്ത്രണം കര്‍ശനമാക്കും. ഇരുചക്രവാഹന യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് പൊലീസിനെ അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് ധരിക്കാത്ത 6187 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തുവെന്നും ക്വാറന്റൈൻ ലംഘിച്ചതിന് 11 പേർക്കെതിരെ കേസെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ടെയ്ൻമെന്റ് മേഖലയിൽ ബാരിക്കേഡ് സ്ഥാപിക്കും. ഇവിടങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ മാനദണ്ഡവും പാലിച്ച് വാഹന പരിശോധന നടത്തും. രാത്രി ഒൻപത് മണിക്ക് ശേഷം വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ചിലർ മാസ്ക് ധരിക്കുന്നില്ല. മാസ്കും ഹെൽമെറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.  

കടകൾ, ചന്തകൾ, തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനം കൂട്ടംകൂടാൻ അനുവദിക്കില്ലെന്നും പിണറായി വിജയന്‍ അറിയിച്ചു. കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ, സ്ഥാപനം അണുവിമുക്തമാക്കണം. നിർദ്ദേശങ്ങള്‍ ലംഘിക്കുന്നവരുടെ ഫോട്ടോ പൊലീസ് കൺട്രോൾ റൂമിലേക്ക് അയക്കണം. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും പൊലീസ് പിക്കറ്റുകളും പരിശോധന സ്ഥലങ്ങളും എസ്‌പിമാർ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് നിന്ന് വരുന്നവർ നേരെ വീട്ടിലേക്ക് പോകണം. ബന്ധുവീട് സന്ദർശിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.