Asianet News MalayalamAsianet News Malayalam

കാട്ടാന ചരിഞ്ഞ സംഭവം; വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ചിലര്‍ ഈ ദുരന്തത്തെ വിദ്വേഷ പ്രചാരണം അഴിച്ചുവിടാനായി ഉപയോഗിച്ചു. അത്തരം പ്രചാരണങ്ങള്‍ ഖേദകരമാണ്. ആനയുടെ മരണത്തില്‍ മുന്‍ധാരണകളോടെ വര്‍ഗ്ഗീയ മാനം നല്‍കാന്‍ ചിലര്‍  ശ്രമിച്ചുവെന്നും പിണറായി പറഞ്ഞു.

pinarayi vijayan response on wild elephant death at palakkad
Author
Thiruvananthapuram, First Published Jun 4, 2020, 5:27 PM IST

തിരുവനന്തപുരം: സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍  ജില്ലയുടെ പേരെടുത്ത് പറഞ്ഞ് നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ങ്ങള്‍ കൂടുന്നതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ നടപടികളെടുക്കും. എന്നാല്‍ വിദ്വേഷ പ്രചാരണം അഴിച്ചുവിടാൻ ചിലർ ഈ ദുരന്തം ഉപയോഗിച്ചതിൽ ഖേദമുണ്ടെന്ന് പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. 

മനുഷ്യ-വന്യജീവി സംഘർഷങ്ങള്‍ കൂടിയതിന് പിന്നിലെ കാരണങ്ങൾ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനം പ്രാദേശിക സമൂഹങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കും. എന്നാല്‍ ചിലര്‍ ഈ ദുരന്തത്തെ വിദ്വേഷ പ്രചാരണം അഴിച്ചുവിടാനായി ഉപയോഗിച്ചു. അത്തരം പ്രചാരണങ്ങള്‍ ഖേദകരമാണ്. കൃത്യമല്ലാത്ത വിവരണങ്ങളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിച്ച് സത്യത്തെ ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിച്ചത്. ആനയുടെ മരണത്തില്‍ മുന്‍ധാരണകളോടെ വര്‍ഗ്ഗീയ മാനം നല്‍കാന്‍ ചിലര്‍  ശ്രമിച്ചുവെന്നും പിണറായി പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. മൂന്ന് പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പൊലീസും വനം വകുപ്പും സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ജില്ലാ പോലീസ് മേധാവിയും ഡിഎഫ്ഒയും ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിച്ചു. കുറ്റവാളികളെ കണ്ടെത്തി, നീതി നടപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് അമ്പലപ്പാറയിൽ ആണ് ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു കടിച്ച് ചരിഞ്ഞത്. എന്നാല്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി അടക്കമുള്ളവര്‍ സംഭവം മലപ്പുറത്താണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്തെ കേന്ദ്രീകരിച്ച് വര്‍ഗ്ഗീയ ചുവയുള്ള പ്രചാരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇത്തരം കുപ്രചാരങ്ങളെ തള്ളി നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.

Follow Us:
Download App:
  • android
  • ios