തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേര്‍തിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. 

പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയോ  ജനസംഖ്യ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രമായില്ല. പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ വിശ്രമിക്കാൻ സമയമില്ലെന്നും പിണറായി വിജയൻ പറ‍ഞ്ഞു.

രാജ്യത്താകെ വിദ്യാര്‍ത്ഥികളും യുവാക്കളും ഏറ്റെടുത്ത സമരമാണ്. ലോകം മുഴുവൻ പ്രക്ഷോഭങ്ങളെ ഉറ്റുനോക്കി. പൗരത്വ നിയമത്തിൽ തിരുത്തൽ വേണമെന്ന് ലോക രാജ്യങ്ങൾ പോലും ആവശ്യപ്പെടുന്ന നിലയുണ്ടായി. ഇതിനെല്ലാം മുൻനടക്കുന്നതാണ് കേരളത്തിലെ പ്രക്ഷോഭം. കാസര്‍കോട് മുതൽ കളിയിക്കാവിളവരെ മനുഷ്യ മാഹാ ശൃംഖലയിൽ അണിനിരന്നവര്‍ പ്രതിരോധത്തിന്‍റെ വലിയ മനുഷ്യ മതിൽ തന്നെയാണ് തീര്‍ത്തനെന്നും പിണറായി വിജയൻ പറഞ്ഞു.