പിണറായി വിജയൻ്റെ പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. കണ്ണൂർ ജില്ലാ സെക്രട്ടറി രാഗേഷ് ജനിക്കും മുൻപ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് താനെന്നും തന്നെ വിമർശിക്കും മുൻപ് രാഗേഷ് കണ്ണാടിയിൽ നോക്കണമായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഇത് ഏത് പാർട്ടി രീതിയാണ് എന്ന് ചോദിച്ച ഗോവിന്ദൻ പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഈ പോരായ്മ പിണറായി പ്രസംഗത്തിൽ പറഞ്ഞില്ല. പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെതിരെയും ടികെ ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഗേഷ് ജനിക്കും മുൻപ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് താനെന്നും തന്നെ വിമർശിക്കും മുൻപ് രാഗേഷ് കണ്ണാടിയിൽ നോക്കണമായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. വ്യക്തി അധിക്ഷേപം തിരിച്ചുപറയുന്നില്ല. വയറിംഗ്, പ്ലംബിങ് തൊഴിലാളി ആയാണ് രാഗേഷ് പാർട്ടിയിൽ വന്നത്. അന്നുള്ള സ്വത്തും ഇപ്പോഴുള്ള സ്വത്തും അന്വേഷിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
