സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 87ാം പിറന്നാള്‍ ആഘോഷിക്കുന്ന എംടിക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നത്. എംടിയുടെ സാഹിത്യ ജീവിതത്തെ മാറ്റി നിര്‍ത്തി കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും യാഥാസ്ഥിക മൂല്യങ്ങളെയും സംഹിതകളെയും നിശിത വിമര്‍ശനത്തിന് വിധേയമാക്കിയ എംടി, എക്കാലത്തും പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വര്‍ഗീയ ശക്തികള്‍ക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്‌നേഹിയാണ് എംടിയെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം എക്കാലവും പ്രചോദനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ കുലപതികളിലൊരാളാണ് എം.ടി വാസുദേവന്‍ നായര്‍. പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെപ്പറ്റി സംസാരിക്കാന്‍ നമുക്ക് സാധിക്കില്ല. സാഹിത്യകാരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയ്ക്കും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ ആണ് അദ്ദേഹത്തിന്റേതായുള്ളത്. തന്റെ കൃതികളിലൂടെ സമൂഹത്തിന്റെ യാഥാസ്ഥിതിക മൂല്യങ്ങളേയും സംഹിതകളേയും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയ എം.ടി, എക്കാലത്തും പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ്. ജനാധിപത്യത്തിന്റേയും മതേതരമൂല്യങ്ങളുടേയും വക്താവായ അദ്ദേഹം, വര്‍ഗീയശക്തികള്‍ക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്‌നേഹി കൂടിയാണ്. എം.ടിയുടെ സാന്നിദ്ധ്യം പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും പ്രചോദനമാണ്.

ഇന്ന് 87-ആം പിറന്നാളാഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. ഒരിക്കല്‍ കൂടെ പ്രിയ എം.ടിയ്ക്ക് ഹൃദയപൂര്‍വം ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.