പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപി കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം, ഇത് തങ്ങളുടെ ശക്തികേന്ദ്രമാണെന്നും വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പ്രതികരിച്ചു
പാലക്കാട്: പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ ബി ജെ പി പ്രവർത്തകർ തന്നെ തടഞ്ഞതിൽ പ്രതികരിച്ച് യു ഡി എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ബി ജെ പി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടുള്ള പ്രതിഷേധം ജനാധിപത്യ വിരുദ്ധമാണെന്നാണ് പിഷാരടി പറഞ്ഞത്. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ ഞാൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.

പിഷാരടിയെ തടഞ്ഞത് ബി ജെ പി കൗൺസിലറുടെ നേതൃത്വത്തിൽ
ബി ജെ പി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ബി ജെ പി പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞുവെച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ബി ജെ പി യുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞു വെച്ചത്. പിന്നീട് സ്ഥാനാർത്ഥിയായ രമേശ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം.
