കഴിഞ്ഞ തവണ കേരള കോൺ​ഗ്രസ് മത്സരിച്ച 15 സീറ്റുകളിൽ ഏഴോ എട്ടോ ജോസഫിന് നൽകാനും എൽജെഡി മത്സരിച്ച സീറ്റുകളടക്കം ബാക്കിയെല്ലാം ഏറ്റെടുക്കാനുമായിരുന്നു കോൺ​ഗ്രസിൻ്റെ നീക്കം. എന്നാൽ പിജെ ജോസഫ് കടുംപിടുത്തം പിടിച്ചതോടെ ഈ നീക്കം പാളുന്ന അവസ്ഥയാണുള്ളത്. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയും തളിപ്പറമ്പും അടക്കം മലബാറിലെ സീറ്റുകളിലൊന്നും വിട്ടുവീഴ്ച ചെയ്യാനില്ലെന്ന കടുത്ത നിലപാടിൽ കേരള കോൺ​ഗ്രസ് പി.ജെ.ജോസഫ് വിഭാ​ഗം. പേരാമ്പ്രയും തളിപ്പറമ്പുമടക്കം മലബാറിലെ സീറ്റുകളടക്കം കഴിഞ്ഞ തവണ കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺ​ഗ്രസ് ​ഗ്രൂപ്പ് മത്സരിച്ച 15 സീറ്റുകളും ഇക്കുറി തങ്ങൾക്ക് കിട്ടണമെന്ന ക‍ർശന നിലപാടാണ് പി.ജെ.ജോസഫ് ഉഭയകക്ഷി ച‍ർച്ചയിൽ സ്വീകരിച്ചത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാനില്ലെന്നും പി.ജെ.ജോസഫ് കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചു.

കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിൽ മത്സരിച്ച ആര്‍എസ്പി ഇത്തവണ ഏഴു സീറ്റാണ് ചോദിക്കുന്നത്. ആറ്റിങ്ങലും കയ്പ മംഗലവും വേണ്ടെന്നും 
പകരം വേറ്റു സീറ്റുകൾ തരണമെന്നും അവ‍ർ ആവശ്യപ്പെട്ടിട്ടുണ്ട്. സിഎംപിയും കേരള കോണ്‍ഗ്രസും അധികം സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പതിവിന് വിപരീതമായി മാധ്യമങ്ങളെ ഒഴിവാക്കി തിരുവനന്തപുരം വഴുതക്കാട്ടെ സ്വകാര്യ വസതിയിലായിരുന്നു യുഡിഎഫിൻ്റെ സീറ്റ് വിഭജന ചര്‍ച്ചകൾ ഇന്ന് നടന്നത്. 

കേരള കോൺ​ഗ്രസ് പിള‍ർന്ന് ജോസ് കെ മാണി വിഭാ​ഗം പോകുകയും ലോക് താന്ത്രിക് ജനതാദൾ എൽഡിഎഫിലേക്ക് ചേക്കേറുകയും ചെയ്തതോടെ അധികം വന്ന സീറ്റുകളിൽ ഭൂരിപക്ഷവും ഏറ്റെടുക്കാനാണ് കോൺ​ഗ്രസിൻ്റെ തീരുമാനം. കഴിഞ്ഞ തവണ 24 സീറ്റിൽ മത്സരിച്ച മുസ്ലീം ലീ​ഗ് ഇക്കുറി 30 സീറ്റുകൾ ചോദിച്ചെങ്കിലും രണ്ട് സീറ്റുകളും ഒരു സീറ്റിൽ പൊതുസ്വതന്ത്രനും എന്ന ഒത്തുതീ‍ർപ്പ് ഫോർമുലയാണ് കോൺ​ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. 

കഴിഞ്ഞ തവണ കേരള കോൺ​ഗ്രസ് മത്സരിച്ച 15 സീറ്റുകളിൽ ഏഴോ എട്ടോ ജോസഫിന് നൽകാനും എൽജെഡി മത്സരിച്ച സീറ്റുകളടക്കം ബാക്കിയെല്ലാം ഏറ്റെടുക്കാനുമായിരുന്നു കോൺ​ഗ്രസിൻ്റെ നീക്കം. എന്നാൽ പിജെ ജോസഫ് കടുംപിടുത്തം പിടിച്ചതോടെ ഈ നീക്കം പാളുന്ന അവസ്ഥയാണുള്ളത്. നിലവിൽ മുന്നണിയിലുള്ള ഘടകക്ഷികളെ കൂടാതെ ഫോർവേഡ് ബ്ലോക്കിലെ ദേവരാജനും എൻഡിഎ വിട്ടു വന്നാൽ പിസി തോമസിനും ഒരോ സീറ്റ് നൽകേണ്ടതുണ്ട്. കൂടാതെ പാലാ സീറ്റിന് മേൽ ഇടഞ്ഞു നിൽക്കുന്ന മാണി സി കാപ്പൻ്റെ എൻസിപി എൽഡിഎഫ് വിട്ടു വന്നാൽ അവ‍ർക്കും സീറ്റ് നൽകേണ്ടി വരും.