Asianet News MalayalamAsianet News Malayalam

മാണി-ജോസഫ് തർക്കം: ഇന്ന് നിർണായക ചർച്ച; പി ജെ ജോസഫ് കോൺഗ്രസ് നേതാക്കളെ കാണും

കേരള കോൺഗ്രസ് തർക്കത്തിൽ ഇന്ന് നിർണായക ചർച്ച. പി ജെ ജോസഫ് കോൺഗ്രസ് നേതാക്കളെ കാണും. പിളർപ്പുണ്ടായാലും ജോസഫ് യുഡിഎഫിൽ തുടർന്നേക്കും.

PJ Joseph will meet Congress leaders today
Author
Thiruvananthapuram, First Published Mar 13, 2019, 6:18 AM IST

തിരുവനന്തപുരം: കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള കേരള കോൺഗ്രസില്‍ ഉണ്ടായ ഭിന്നത പരിഹരിക്കാൻ ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗം ചേരും. പ്രശ്ന പരിഹാരത്തിന് സഹായം തേടി പി ജെ ജോസഫ് കോൺഗ്രസ് നേതാക്കളെ കാണും.

കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായാണ് പി ജെ ജോസഫ് കൂടിക്കാഴ്ച നടത്തുന്നത്. കോൺഗ്രസിന്‍റെ കൂടെ പിന്തുണയോടെയാണ് ജോസഫ് സ്ഥാനാർത്ഥി മോഹം പരസ്യമാക്കിയത്. ഇതുകൊണ്ട് തന്നെ കൂടിക്കാഴ്ചയിൽ ജോസഫിന് ഏറെ പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്തേക്ക് തിരിക്കും മുന്നെ ജോസഫ് പാലാ ബിഷപ്പുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, ജോസഫിന് സീറ്റ് നിഷേധിച്ച തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കെ എം മാണി. തോമസ് ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മാണി ആവർത്തിക്കുന്നു. മുന്നണിയുടെ ജയസാധ്യതയെ ബാധിക്കരുതെന്ന് പറയുമ്പോഴും മാണി സ്ഥാനാര്‍ത്ഥിയെ നാടകീയമായി പ്രഖ്യാപിച്ചതിൽ കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്. എന്നാല്‍, കേരള കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്നമായതിനാൽ ഇടപെടുന്നതിന് കോൺഗ്രസിന് പരിമിതികളുണ്ട്.  

ഇതിനിടെ, തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പങ്കെടുത്ത കോൺഗ്രസ് കോട്ടയം മണ്ഡലം കമ്മിറ്റി യോഗത്തില്‍ ചാഴികാടന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫ്രാന്‍സീസ് ജോര്‍ജിനൊപ്പം പലരും മുന്നണി വിട്ടതോടെ ദുര്‍ബലമായ ജോസഫ് പക്ഷത്തിന് പഴയ പോലെ വിലപേശൽ ശക്തിയില്ല. പ്രശ്നം പരിഹരിക്കാതെ പാർട്ടിയിൽ പിളര്‍പ്പുണ്ടായാലും ജോസഫ് യു ഡി എഫിൽ തന്നെ തുടരാനാണ് സാധ്യത. അതിനാൽ തന്നെ ഇന്നത്തെ കൂടിക്കാഴ്ച ശ്രദ്ധേയമാകും. 
 

Follow Us:
Download App:
  • android
  • ios