മലപ്പുറം: ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും ഫിറോസ് ആരോപിച്ചു.

അനൂപ് മുഹമ്മദ് നർകോട്ടിക് ബ്യൂറോയ്ക്ക് നൽകിയ മൊഴിയും പി കെ ഫിറോസ് പുറത്തുവിട്ടു. കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍ ലഹരിമരുന്ന് സംഘം പിടിയിലായത്. അനൂപ് മുഹമ്മദിന് ബിനീഷുമായി അടുത്ത ബന്ധമാണുള്ളത്. അനൂപ് മുഹമ്മദ് കുമരകത്ത് ലഹരി നിശാ പാര്‍ട്ടി നടത്തിയെന്നും ഇക്കാര്യത്തില്‍ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ലോക്ക്ഡൗണിനിടെ ജൂണ്‍ 19നായിരുന്നു നിശാ പാര്‍ട്ടി. ഈ സംഘത്തിന് സിനിമ മേഖലയുമായും അടുത്ത ബന്ധമുണ്ട്. ഈ പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തുവെന്നും ഫിറോസ് ആരോപിച്ചു. ജൂലൈ 10നു നിരവധി തവണ ബിനീഷ് അനൂപിനെ വിളിച്ചു. അന്നാണ് സ്വപ്ന ബെംഗളൂരുവില്‍ അറസ്റ്റിലായത്. 26 തവണയാണ് ബിനീഷ് അനൂപിനെ വിളിച്ചിട്ടുള്ളത്.

ബിനീഷ് ചതിക്കപ്പെട്ടു എങ്കിൽ അത് അദ്ദേഹം പറയണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ലഹരി കടത്തുകേസിൽ അറസ്റ്റിലായ പ്രതികളിൽ പലർക്കും സ്വർണ്ണകടത്തു പ്രതികളുമായി ബന്ധമുണ്ട്. ഫോൺ രേഖകൾ പിന്നീട് പുറത്തുവിടുമെന്നും ഈ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് എത്തിരിക്കാൻ ശ്രമം നടക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.