കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് ഡാറ്റാ കൈമാറിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കി യൂത്ത് ലീഗ്. കൊവിഡ് കാലത്ത് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് ദുരന്ത മുഖത്തെ കഴുകന്‍റെ മനസാണെന്ന് പി.കെ. ഫിറോസ് കോഴിക്കോട്ട് ആരോപിച്ചു. 

കരാർ നടപ്പാക്കാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ആണെന്നും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആരോപിച്ചു .എക്സാലോജിക്ക് എന്ന കമ്പനിയുടെ ഡയറക്ടർ വീണയാണ്. സ്പ്രിംക്ലര്‍ കമ്പനിയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ഉണ്ടായിരുന്നു. ഡാറ്റാ ക്രോഡീകരണ കരാര്‍ സ്പ്രിംക്ലര്‍ ഏറ്റെടുത്തതോടെ ആ കമ്പനിയുടെ വൈബ്സൈറ്റ് തന്നെ മരവിപ്പിച്ച അവസ്ഥയിലാണ്.  ഇതിന് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും പികെ ആവശ്യപ്പെട്ടു. 

സ്പ്രിംക്ലര്‍ വിവാദത്തിന് കാരണക്കാരനെന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും  പികെ ഫിറോസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഏപ്രിൽ 20 ന്  ഉച്ചക്ക് നട്ടുച്ചപ്പന്തം പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചു.