മലപ്പുറം: കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്‍റെ കാര്യക്ഷമത നഷ്ടപ്പെട്ടുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ എൻഐഎ ചോദ്യം ചെയ്യുന്നത് അസാധാരണ സാഹചര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ ജോലി ചെന്നിത്തല നന്നായി നിർവഹിക്കുന്നുണ്ട്. അതിന് യുഡിഎഫിന്‍റെ പൂർണ പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇടത് സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഒഴിവാക്കാന്‍ 91ലേതുപോലുള്ള അവിശുദ്ധ 'കോലീബി' സഖ്യത്തിന് ശ്രമം നടക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. പച്ച വര്‍ഗ്ഗീയതയാണ് കോടിയേരി ആരോപിച്ചത്.

പത്ത് നാൽപത് വർഷമായി ഈ തൊഴിലിനിറങ്ങിയിട്ട്. ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. സ്വർണക്കടത്ത് കേസിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ അറിയാം. അതെ കുറിച്ച് ആദ്യം കോടിയേരി തന്നെ പറയട്ടെ . ബാക്കി കാര്യങ്ങൾ അതിന് ശേഷം പറയാമെന്നും ചെന്നിത്തല പറ‍ഞ്ഞു.