Asianet News MalayalamAsianet News Malayalam

ജോസഫൈനെ തള്ളി പി.കെ.ശ്രീമതി; ധാർഷ്ട്യം സഹിക്കേണ്ട ബാധ്യത ജനത്തിനില്ല

സുപ്രധാന പദവികളിൽ ഇരിക്കുന്നവർ  അശരണരായി സഹായം തേടിയെത്തുന്നവരോട് സ്നേഹത്തോടെയും കരുതലോടെയും പെരുമാറേണ്ടതായിട്ടുണ്ട്.

PK Sreemathi against josephine
Author
Thiruvananthapuram, First Published Jun 25, 2021, 2:54 PM IST

തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ രാജിവച്ച വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനെതിരെ രൂക്ഷവിമർശനമുയർത്തി പി.കെ.ശ്രീമതി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും യോഗ ശേഷം പുറത്തു മാധ്യമങ്ങളെ കണ്ടപ്പോഴും ജോസഫൈൻ്റെ പെരുമാറ്റത്തിലും നടപടികളിലുമുള്ള വിയോജിപ്പും വിമർശനവും പി.കെ. ശ്രീമതി പ്രകടിപ്പിച്ചു.

എം.സി.ജോസഫൈനെ നിയമിച്ചത് യൂത്ത് കോൺഗ്രസ് അല്ലെന്നും പക്ഷേ ജനങ്ങളാണെന്നത് മറക്കരുതെന്നും പി.കെ.ശ്രീമതി പറഞ്ഞു. ജനങ്ങളെ മറന്നുകൊണ്ടുള്ള പ്രവർത്തനം അല്ല വേണ്ടത്. പദവികൾ വഹിക്കുന്നവർ  ജനങ്ങളോട് സ്നേഹത്തോടെ  സംസാരിക്കണം. ആരുടേയും ധാർഷ്ട്യം പേറേണ്ട ബാധ്യത ജനങ്ങൾക്കില്ലെന്നും ശ്രീമതി തുറന്നടിച്ചു. 

മാധ്യമങ്ങളോട് പി.കെ.ശ്രീമതി പറഞ്ഞത് 

സുപ്രധാന പദവികളിൽ ഇരിക്കുന്നവർ  അശരണരായി സഹായം തേടിയെത്തുന്നവരോട് സ്നേഹത്തോടെയും കരുതലോടെയും പെരുമാറേണ്ടതായിട്ടുണ്ട്. ആരുടേയും ധാർഷ്ട്യം പേറേണ്ട ബാധ്യത ജനങ്ങൾക്കില്ല. വനിതാ കമ്മീഷൻ പാവപ്പെട്ട സ്ത്രീകളുടെ ആശ്രയസ്ഥാനമാണ് ആ നിലയിലുള്ള പെരുമാറ്റമാണ് അവിടെ അഭയം തേടി വരുന്നവരോട് കാണിക്കേണ്ടത്. ഇതാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം എൻ്റെ പാർട്ടിക്കും ഇതേ നിലപാടാണ്. 

ഒരു വാതിലും മുട്ടാനാവാതെ നിസ്സഹായരായി നിൽക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുണ്ട്. അവ‍ർക്കെല്ലാം ആശ്രയമാണ് വനിതാ കമ്മീഷൻ. തീർക്കാനാവാത്ത പരാതിയാണെങ്കിൽ പോലും പരാതിയുമായി എത്തുന്നവർക്ക് ആശ്വാസമാകാൻ വനിതാ കമ്മീഷന് സാധിക്കേണ്ടതായിട്ടുണ്ട്. വനിതാ കമ്മീഷൻ അധ്യക്ഷയെന്നാൽ അവരെസംബന്ധിച്ച് അതൊരു പ്രധാന പദവിയാണ്. അത്തരം ഒരു സന്ദർഭത്തിൽ ഈ രീതിയിലൊരു പ്രതികരണം ഉണ്ടായപ്പോൾ സമൂഹമാധ്യങ്ങളിലും പൊതുസമൂഹത്തിലും വലിയ പ്രതികരണമുണ്ടായി ആ വികാരം തന്നെയാണ് പാർട്ടിക്കുമുള്ളത്. 

സിപിഎമ്മിലെ പ്രവർത്തകർ എങ്ങനെ പൊതുസമൂഹത്തിൽ പെരുമാറണം എന്നതിൽ കൃത്യമായ ചിട്ടകളുണ്ട്. മാനുഷികമായ ഇടപെടലാണ് പാർശ്വവത്കരിക്കപ്പെട്ടവരോടും അശരണരോടും സ്വീകരിക്കേണ്ടതെന്നാണ് പാർട്ടി നയം. അതെല്ലാവർക്കും ബാധകമാണ് അവിടെ പാർട്ടിയിൽ സീനിയറാണോ ജൂനിയറാണോ എന്നൊന്നും പരിശോധിക്കേണ്ട കാര്യമില്ല. 


 

Follow Us:
Download App:
  • android
  • ios