മുഖ്യമന്ത്രിയുടേയും കൊവിഡ‍് അവലോകന സമിതിയുടേയും നിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും. കൊവിഡ് കാരണം രണ്ട് വര്‍ഷമായി വള്ളം കളി മുടങ്ങിയിരിക്കുകയാണ്.
തിരുവനന്തപുരം: നെഹ്രു ട്രോഫി വള്ളം കളി നടത്താൻ ആലോചന. ടൂറിസം മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കൊവിഡ് മാനദണ്ഡം പാലിച്ച് വള്ളം കളി നടത്തുന്നതിന്‍റെ സാധ്യത പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടേയും കൊവിഡ‍് അവലോകന സമിതിയുടേയും നിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും. കൊവിഡ് കാരണം രണ്ട് വര്‍ഷമായി വള്ളം കളി മുടങ്ങിയിരിക്കുകയാണ്.
പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കൊവിഡ് പ്രതിസന്ധികൾക്കിയിൽ നിന്നും തിരിച്ചു വരുന്ന ഘട്ടത്തിൽ വള്ളംകളി മത്സരം ജനങ്ങൾക്കും ടൂറിസം മേഖലയ്ക്കും ആവേശമാകും. ഈ സാഹചര്യത്തിലാണ് ഇത് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു ചേർത്തത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വള്ളംകളി നടത്താന്‍ സാധിക്കുമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം. എംഎല്‍എമാരായ പി പി ചിത്തരഞ്ജന്‍, എച്ച് സലാം, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, ടൂറിസം വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ഡോ. വി വേണു, ആലപ്പുഴ ജില്ലാ കളക്ടര്‍ എ അലക്സാണ്ടർ, ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
