Asianet News MalayalamAsianet News Malayalam

ആശ്വാസം, തൃശൂരിൽ പ്ലാസ്മാ തെറാപ്പി പരീക്ഷിച്ച രോഗി സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍

പ്ലാസ്മ നല്‍കിയ ശേഷം ഇദ്ദേഹത്തിൻറെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായി. അപകടനില തരണം ചെയ്ത രോഗിയെ പിന്നീട് വെൻറിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തു.

plasma therapy treatment in thrissur medical college
Author
Thrissur, First Published Jun 19, 2020, 7:00 AM IST

തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ പരീക്ഷിച്ചിരിക്കുകയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ്. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗി പ്ലാസ്മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ വെൻറിലേറ്ററില്‍ കഴിഞ്ഞിരുന്ന ദില്ലിയില്‍ നിന്നെത്തിയ 51 കാരനാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. രണ്ടുതവണയായി 400 മില്ലി ആൻറിബോഡി അടങ്ങിയ പ്ലാസ്മയാണ് നല്‍കിയത്. പ്ലാസ്മ നല്‍കിയ ശേഷം ഇദ്ദേഹത്തിൻറെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായി. അപകടനില തരണം ചെയ്ത രോഗിയെ പിന്നീട് വെൻറിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തു. രോഗിയുടെ ആരോഗ്യനിലയില്‍ വന്ന പുരോഗതി വലിയ ആത്മവിശ്വാസമാണ് ആരോഗ്യവകുപ്പിന് നല്‍കിയിരിക്കുന്നത്.

ഒരു മാസം മുമ്പ് കൊവിഡ് മുക്തനായ ആളില്‍ നിന്നാണ് പ്ലാസ്മ സ്വീകരിച്ചത്. കൊവിഡ് മുക്തരായവരില്‍ ആൻറിബോഡിയുളള പ്ലാസ്മ ധാരാളമായി ഉണ്ടാകും. സര്‍ക്കാരിൻറെയും ഐസിഎംആറിൻറെയും മാര്‍ഗനിര്‍ദേശം അനുസരിച്ച് അതീവഗുരുതാരാവസ്ഥയിലുളള രോഗികളില്‍ പ്ലാസ്മ തെറാപ്പി വീണ്ടും പരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. പ്ലാസ്മ ദാനം ചെയ്യാൻ രോഗമുക്തര്‍ കൂടുതലായി തയ്യാറായാല്‍ കൊവിഡ് ചികിത്സയ്ക്ക് അത് വലിയ നേട്ടമാകും.

Follow Us:
Download App:
  • android
  • ios