വിവാദ നിയമനങ്ങള്‍ നിര്‍ദേശിച്ചത് സ്റ്റേറ്റ് അറ്റോര്‍ണി അനൂപ് വി നായര്‍. അനൂപ് നല്‍കിയ പേരുകള്‍ അതേപടി സമര്‍പ്പിക്കാനാണ് വിഡി സതീശന്‍ നിര്‍ദേശിച്ചത്. വിവാദമായപ്പോള്‍ പഴി സംഘടനക്കെന്ന് ലോയേര്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി കെ റഹ്മാന്‍.
കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർമാരുടെ നിയമന വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ തള്ളി ലോയേര്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി കെ റഹ്മാൻ. അറ്റോർണി അനൂപ് വി നായർ നൽകിയ പട്ടികയാണ് സർക്കാരിന് കൈമാറിയത്. വിവാദത്തിലായ ശരത്തിന്റെയും ജിയോണ ജെയിംസിന്റെയുമടക്കം പേരുകളെല്ലാം നൽകിയത് അനൂപാണ്. അനൂപ് നൽകിയ പേരുകൾ അതേപടി സമർപ്പിക്കാനാണ് മുഖ്യമന്ത്രിയും നിർദേശം നൽകിയത്. വിവാദമായപ്പോൾ എല്ലാം തന്റെ തലയിൽ കെട്ടിവയ്ക്കുന്നുവെന്നും പ്രസിഡന്റ് അഡ്വ. പി കെ റഹ്മാൻ വിമര്‍ശിച്ചു. വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ പലവട്ടം ശ്രമിച്ചു. മുഖ്യമന്ത്രി തന്നെ നിരന്തരം ഒഴിവാക്കിയെന്നും കൂടിക്കാഴ്ചക്കുള്ള അവസരം തന്നില്ലെന്നും അഡ്വ. പി കെ റഹ്മാൻ കൂട്ടിച്ചേര്‍ക്കുന്നു.
സര്‍ക്കാര്‍ പ്ലീഡര്‍ നിയമനങ്ങളില്‍ സംഘിവല്‍ക്കരണമെന്ന ആരോപണം സിപിഎം ഉയര്‍ത്തിയിരുന്നു. എബിവിപിയുടെ സജീവ പ്രവര്‍ത്തകനായ ആളെയാണ് ഹൈക്കോടതി പ്ലീഡറാക്കി നിയമിച്ചതെന്നായിരുന്നു വിമര്‍ശനം. ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ലോ കോളേജിലെ മുന്‍ എസ്എഫ്ഐ നേതാവിനെ പ്ലീഡറാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കെഎസ്‍യുക്കാരെ നിരന്തരം മര്‍ദ്ദിക്കുന്ന സംഘത്തിൽപ്പെട്ടയാളെ പ്ലീഡറാക്കിയ നടപടി തിരുത്തണമെന്നും എസ്എഫ്ഐക്കാരെ ചുമക്കേണ്ട ബാധ്യത യുഡിഎഫ് സര്‍ക്കാരിനില്ലെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ തുറന്നടിച്ചിരുന്നു. ജയോണ തോമസിനെ പ്ലീഡറാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. ജയോണ 2015 മുതൽ 2019 വരെ ലോ കോളജിൽ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നുവെന്നാണ് ഇക്കാലത്ത് കെഎസ്‍യു യൂണിറ്റ് കമ്മിറ്റി അധ്യക്ഷൻമാര്‍ ഉള്‍പ്പടെ ഒപ്പിട്ട പരാതിയിലുള്ളത്.
