തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലെ പ്ലസ്‍വൺ സീറ്റുകൾ 20 ശതമാനം വ‍ർധിപ്പിച്ചു. പത്താം ക്ലാസ് വിജയിച്ചവർക്ക് പരമാവധി സീറ്റുകൾ ലഭ്യമാക്കാനായി കഴിഞ്ഞ വർഷവും പ്ലസ്‍വണ്ണിൽ  20 ശതമാനം സീറ്റുകൾ വർധിപ്പിച്ചിരുന്നു.

സംസ്ഥാനത്താകെ 3,61,713 പ്ലസ്‍വൺ സീറ്റുകളാണ് ഇത്തവണയുള്ളത്. ഇതിൽ 2,39,044 സീറ്റുകളിലാണ് ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നൽകുന്നത്. ബാക്കി സീറ്റുകൾ മാനേജ്മെന്‍റ്, അൺഎയ്ഡഡ്,കമ്മ്യൂണിറ്റി ക്വാട്ട വിഭാഗങ്ങളിലാണ്.

4,26,513 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസായത്. ഇതോടൊപ്പം കേന്ദ്ര സിലബസിൽ നിന്ന് വരുന്ന കുട്ടികളും പ്ലസ്‍വൺ സീറ്റിനായി അപേക്ഷിക്കും. 

സീറ്റ് വർധിപ്പിച്ചില്ലെങ്കിൽ 1.25 ലക്ഷത്തോളം കുട്ടികൾക്ക് സീറ്റ് ലഭിക്കാത്ത അവസ്ഥ വരുമെന്ന പശ്ചാത്തലത്തിലാണ് സീറ്റുകൾ വർധിപ്പാക്കാൻ തീരുമാനിച്ചത്.