തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇപി ജയരാജൻ എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസകും ജയരാജനും രോഗമുക്തി നേടി നിലവിൽ നിരീക്ഷണത്തിലാണ്. വിഎസ് സുനിൽ കുമാർ ചികിത്സയിൽ തുടരുകയാണ്. 

കണ്ണൂർ എംപി കെ സുധാകരന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ കൊവിഡ് പൊസീറ്റീവായി ദില്ലി എയിംസിൽ ചികിത്സയിലുണ്ടായിരുന്നു. ഇദ്ദേഹം കഴിഞ്ഞ ദിവസം നെഗറ്റീവായി ദില്ലിയിലെ വസതിയിലേക്ക് മാറിയിട്ടുണ്ട്.